• തിരിഞ്ഞുനോക്കുമ്പോള്‍

  പി. ബാഹുലേയന്‍ (മുന്‍ സെക്രട്ടറി കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍.)

  വോളിബോള്‍ നാട്ടിന്‍പുറത്തുകാരുടെ പ്രിയംകരമായ കളിയാണ്‌. എന്നാല്‍ ഇന്ന്‌ അത്‌ നഗരത്തിലേക്കുകൂടി വ്യാപിക്കുകയും ആധിപത്യം പിടിച്ചുപറ്റുകയും ചെയ്‌തിരിക്കുന്നു. കോഴിക്കോട്‌ ജില്ലയിലെ ഏതു മുക്കിലും മൂലയിലും നോക്കിയാലും വോളിബോള്‍ കോര്‍ട്ടും കളിക്കാരെയും കാണാം. ഈ ജില്ലക്ക്‌ പ്രഗത്ഭരായ പല കളിക്കാരെയും വോളിബോള്‍ രംഗത്ത്‌ അവതരിപ്പിക്കുവാന്‍ വളരെ മുമ്പുതന്നെ കഴിഞ്ഞിട്ടുണ്ട്‌.

  സര്‍വ്വശ്രി പി.ടി. ഭാസ്‌ക്കരക്കുറുപ്പ്‌, കെ. അബ്‌ദുറഹിമാന്‍ തുടങ്ങിയ ഇന്റര്‍നേഷനല്‍ കളിക്കാരെയും ഇരിങ്ങല്‍ പപ്പന്‍, മലബാര്‍ നാരായണന്‍നായര്‍, പയിമ്പ്ര രാമന്‍നായര്‍, നല്ലളം ഇമ്പിച്ചിമമ്മു, വെസ്റ്റ്‌ഹില്‍ അച്ചു, രാഘവന്‍ വൈദ്യര്‍, വടകര മുകുന്ദന്‍, വട്ടോള്‌ ചന്ദ്രന്‍ മുതലായ പ്രഗല്‍ഭരും പ്രശസ്‌തരുമായ വോളിബോള്‍ കളിക്കാരെ സംഭാവന ചെയ്യുവാന്‍ കോഴിക്കോടിനു കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ 1968-ല്‍ കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ രൂപീകൃതമായതിനുശേഷമാണ്‌ സംഘടിതരൂപത്തില്‍ വോളിബോള്‍ ഇവിടെ പ്രചാരത്തില്‍ വന്നത്‌. ജില്ലാ അസേസിയേഷന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ ഭാരവാഹികള്‍ക്കും, കളിക്കാര്‍ക്കും ക്ലബുകള്‍ക്കും അഭിമാനിക്കാന്‍ തക്ക നേട്ടങ്ങള്‍ ഈ ജില്ലയില്‍ ഉണ്ടായിട്ടുണ്ട്‌.

  ജില്ലാ അസോസിയേഷന്‍ രൂപീകൃതമായതിനുശേഷമാണ്‌ 1968-ല്‍ ആദ്യമായി കോഴിക്കോട്ടുവെച്ച്‌ എം.ഇ.എസ്‌ ആഭിമുഖ്യത്തില്‍ മണപ്പാടന്‍ ഗോള്‍ഡ്‌ ട്രോഫിക്കുവേണ്ടി ഒരു അഖിലേന്ത്യാ ടൂര്‍ണ്ണമെന്‍റ്‌ നടത്തപ്പെട്ടത്‌. സംഘടിതവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ ഇന്ത്യയിലെ മിക്കവാറും, എല്ലാ പ്രമുഖ ടീമുകളേയും അണിനിരത്തിയിനാല്‍ സംഘടനാപരമായും സാമ്പത്തികപരമായും ആയത്‌ ഒരു വിജയമായിരുന്നു. ആ വര്‍ഷംതന്നെ ആദ്യമായി ഖാന്‍ബഹദൂര്‍ ഹാജി, വി. ആലിബറാമി ഷീല്‍ഡിനു വേണ്ടിയുള്ള കോഴിക്കോട്‌ ജില്ലാ വോളിബോള്‍ ലീഗ്‌ ചാമ്പ്യന്‍ഷിപ്പും ഉല്‍ഘാടനം ചെയ്യപ്പെട്ടു. ആദ്യ വര്‍ഷം ലാഭമുണ്ടായെങ്കിലും പിന്നീട്‌ തുടര്‍ച്ചയായി നഷ്‌ടം വന്നു തുടങ്ങിയതു കാരണം മണപ്പാടന്‍ ട്രോഫി അഖിലേന്ത്യാ ടൂര്‍ണമെന്‍റ്‌ തുടര്‍ന്ന്‌ നടത്തുവാന്‍ ആയതിന്‍റെ ഭാരവാഹികള്‍ക്ക്‌ പിന്നീട്‌ കഴിയാതെപോയി.

  പല ഭാഗത്തു നിന്നുമുള്ള വോളിബോള്‍ പ്രേമികളുടേയും ക്ലബ്ബുകളുടേയും ശക്തിയായ ആവശ്യം പരിഗണിച്ചുകൊണ്ട്‌ കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ 1975 മുതല്‍ സി. കോരി മെമ്മോറിയല്‍ ട്രോഫിക്കും ( പുരുഷ വിഭാഗം ), ഒ. ടി. ശാരദാകൃഷ്‌ണന്‍ മെമ്മോറിയല്‍ ട്രോഫിക്കും ( വനിതാവിഭാഗം) വേണ്ടിയുള്ള അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്‍റ്‌ നടത്തിവരികയുണ്ടായി. പ്രസ്‌തുത ട്രോഫികള്‍ സംഭാവന ചെയ്‌തത്‌ യഥാക്രമം ശ്രി. സി. പ്രഭാകരനും ശ്രി. കെ. ശരത്‌ മോഹനുമാണ്‌. ആദ്യയത്തെ വര്‍ഷമൊഴികെ ബാക്കിയുള്ള വര്‍ഷങ്ങളില്‍ ഈ ടൂര്‍ണ്ണമെന്റും സാമ്പത്തികമായി പരാജയമായിരുന്നു. എങ്കിലും ഇന്ത്യയിലെ പല പ്രമുഖ ടീമുകളേയും ഇവിടെ രംഗത്തിറക്കുവാന്‍ ഈ അസോസിയേഷന്‌ കഴിഞ്ഞിട്ടുണ്ട്‌.

 • തിരിഞ്ഞുനോക്കുമ്പോള്‍

  പി. ബാഹുലേയന്‍ (മുന്‍ സെക്രട്ടറി കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍.)

  ഇത്രയും ക്ലബ്ബുകള്‍ അഫിലിയേറ്റു ചെയ്‌ത ഒരു ജില്ലാ അസോസിയേഷന്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെയുണ്ടോ എന്നതു സംശയമാണ്‌. 1977 മുതല്‍ പുരുഷ വിഭാഗം ടീമുകളെ എ, ബി, സി എന്നീ മൂന്നു ഡിവിഷനുകളായി തിരിച്ചാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ നടത്തിയത്‌. വനിതാ വിഭാഗം ജൂനിയര്‍ വിഭാഗവും സാധാരണപോലെത്തന്നെ ഒരു ഡിവിഷന്‍ മാത്രമേയുണ്ടായിട്ടുള്ളു. ആദ്യ പുരുഷ വിഭാഗം എ. ഡിവിഷനില്‍ ജില്ലാ പോലീസും, ബി. ഡിവിഷനില്‍ നരിക്കുനി ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബും , സി. ഡിവിഷനില്‍ ഹെക്‌സാസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബും കുട്ടമ്പൂരും യഥാക്രമം ജില്ലാ ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ കല്‍പകാ ട്രാന്‍പോര്‍ട്ട്‌ കമ്പനി ( പി. ) ലിമിറ്റഡ്‌ കോഴിക്കോടും ജൂനിയര്‍ വിഭാഗത്തില്‍ യുവഭാവന കുറ്റിച്ചിറയും ചാമ്പ്യന്‍മാരായി.

  1975-ല്‍ കോഴിക്കോട്‌ വെച്ച്‌ സ്റ്റേറ്റ്‌ വോളിബോള്‍ അസോസിയേഷന്‍ ആദ്യമായി 14 വയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി മിനി സ്‌റ്റേറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിക്കുകയുണ്ടായി. ഈ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പ്‌ നമ്മുടെ ജില്ല നേടിയെടുക്കുകയുണ്ടായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റണ്ണര്‍ അപ്പ്‌ ആകുകയും ചെയ്‌തു. ഈ കളികളില്‍കൂടി ഭാവിയുടെ വാഗ്‌ദാനങ്ങളായ പല കൊച്ചു കളിക്കാരെയും കണ്ടെത്തുവാന്‍ കഴിഞ്ഞുവെന്നത്‌ ചാരിതാര്‍ത്ഥ്യജനകമാണ്‌.

  നമ്മുടെ ജില്ലയെ പ്രതിനിധീകരിച്ച ജിമ്മി ജോര്‍ജ്ജ്‌, ജോസ്‌ ജോര്‍ജ്ജ്‌, കെ. മൂസ്സ എന്നിവര്‍ ഇന്ത്യന്‍ കോച്ചിംഗ്‌ കേമ്പിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുകയും ജിമ്മി ജോര്‍ജ്ജ്‌ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ, നടുവണ്ണൂര്‍ അച്ചുതന്‍ നായര്‍, ചി.പി. രാധാകൃഷ്‌ണന്‍, കെ. വി ഭാസി. മാനുവല്‍, പ്രദീപ്‌കുമാര്‍, മുഹമ്മദലി, എം. എസ്‌. ബഷീര്‍, ജോസ്‌ ജോസഫ്‌, സി. ദാമോദരന്‍, കെ. മോയ്‌തു, രവീന്ദ്രന്‍, രാജേന്ദ്രന്‍ മുതലായവര്‍ പലപ്പോഴായി സ്റ്റേറ്റ്‌ ടീമിലേക്ക്‌ തെരഞ്‌ഞെടുക്കപ്പെട്ടവരാണ്‌. വനിതാവിഭാഗത്തില്‍ ശാന്തസുബ്ബയ്യ, ഷീല സുബ്ബയ്യ, ശശികലസുബ്ബയ്യ എന്നിവര്‍ ഇന്ത്യന്‍ കോച്ചിംഗ്‌ കേമ്പിലേക്കും സന്ധ്യാറാണി, അന്നക്കുട്ടി എന്നിവര്‍ സ്റ്റേറ്റ്‌ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

  1971-ല്‍ സ്റ്റേറ്റ്‌ അസേസിയേഷന്‍ ഇന്റര്‍ ഡിസ്റ്റ്രിക്‌ട്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ തലശ്ശേരിയില്‍വെച്ചും സംഘടിപ്പിക്കുകയുണ്ടായി. ആയതിനാല്‍ നടുവണ്ണൂര്‍ അച്ചുതന്‍നായരുടെ നേതൃത്വത്തില്‍ നമ്മുടെ ജില്ലാ ടീം പങ്കെടുത്തു. എറണാകുളം, തിരുവനന്തപുരം എന്നീ ടീമുകളെ അപേക്ഷിച്ച്‌ നമ്മുടെ ടീം കടലാസില്‍ അത്രയൊന്നും ശക്തമായി പലര്‍ക്കും തോന്നിയിരുന്നില്ല. എന്നാല്‍ സുശക്തരായ എറണാകുളം, തിരുവനന്തപുരം ടീമുകളെ നിശേഷം പരാജയപ്പെടുത്തിക്കൊണ്ടാണ്‌ സംഘടിതരും തളരാത്ത ആവേശത്തിന്‍റെയും ടീം വര്‍ക്കിന്റേയും പ്രതീകമായ നമ്മുടെ ടീം ഡിസ്‌റ്രറിക്‌ട്‌ ചാമ്പ്യന്മാരായിതീര്‍ന്നത്‌. എന്നാല്‍ താരതമ്യേന പരിചയം കുറഞ്ഞ നമ്മുടെ വനിതാ ടീമിന്‌ പരിചയ സമ്പന്നരും പ്രഗത്ഭരുമായ ഏലമ്മ, ഏലിയാമ്മ, സാറാമ്മ, അന്നക്കുട്ടി തുടങ്ങിയവരെ എതിരിടുന്നതില്‍ വിജയിക്കാന്‍ സാധിച്ചില്ല. അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ്‌ കോഴിക്കോട്ടുവെച്ചാണ്‌ നടന്നത്‌. കേപ്‌റ്റന്‍ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ അച്ചു, ജിമ്മി, ജോസ്‌, മാനുവല്‍, ബഷീര്‍, ബാലന്‍ നമ്പ്യാര്‍ തുടങ്ങിയ അന്നത്തെ അതികായന്‍മാരടങ്ങിയ നമ്മുടെ ടീം ഫൈനലില്‍ ആന്റണി, കുര്യാക്കോസ്‌, ഭുവനദാസ്‌ - ഔസേപ്പ്‌, അലക്‌സ്‌ തുടങ്ങിയലവരടങ്ങിയ എറണാകുളം ജില്ലയോട്‌ തോല്‍ക്കുകയും രണ്ടാംസ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടതായും വന്നു. തുടര്‍ന്ന്‌ തൊടുപുഴയില്‍വെച്ചു നടന്ന 3-ാമത്തെ ചാമ്പ്യന്‍ഷിപ്പ്‌ മത്സരത്തില്‍ നമ്മുടെ ടീം ഫൈനലിലെത്തുകയും ഉഗ്രമായ ഒരു മല്‍സരത്തിനുശേഷം നവാഗതരായ ഇടുക്കി ജില്ലയോട്‌ പരാജയപ്പെടുകയും ചെയ്‌തു. നാലാമത്തെ ചാമ്പ്യന്‍ഷിപ്പ്‌ പാലക്കാട്ട്‌ വെച്ചാണ്‌ നടന്നത്‌. അവിടെ നമ്മുടെ ടീം സെമി ഫൈനലില്‍ കടക്കാന്‍ പറ്റാതെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തുപോകേണ്ടി വന്നു. തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കളിക്കാര്‍ക്കും ഈ ജില്ലയെ പ്രതിനിധീകരിക്കാന്‍ കഴിയാത്തതിനാല്‍ മാത്രമാണ്‌ ഈ തോല്‍വി നാം അനുഭവിക്കേണ്ടി വന്നത്‌. പത്തനംതിട്ടയില്‍വെച്ചു നടന്ന അഞ്ചാമത്തെ ചാമ്പ്യന്‍ഷിപ്പില്‍ സ്ഥിരം എതിരാളികളായ എറണാകുളം ജില്ലോയോട്‌ സെമിഫൈനലില്‍ പരാജയമടയേണ്ടതായും വന്നു. 6-മത്തെ ചാമ്പ്യന്‍ഷിപ്പ്‌ കോട്ടയം ജില്ലയിലെ പാലായില്‍ വെച്ചാണ്‌ നടന്നത്‌. ഇവിടെ നാം പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സുശക്തമായ ടീമുകളെതന്നെ അണി നിരത്തി എന്നാല്‍ പുരുഷ വിഭാഗത്തില്‍ ഫൈനലില്‍ തിരുവനന്തപുരം പോളീസിനോടും വനിതാ വിഭാഗത്തില്‍ കെ.എസ്‌.ആര്‍.ഡി.സി.യോട്‌ സെമിഫൈനലിലും നമുക്ക്‌ പരാജയപ്പെടേണ്ടി വന്നു.

 • തിരിഞ്ഞുനോക്കുമ്പോള്‍

  പി. ബാഹുലേയന്‍ (മുന്‍ സെക്രട്ടറി കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍.)

  ഈ ജില്ലയില്‍നിന്ന്‌ ഓരോ വര്‍ഷവും പ്രഗല്‍ഭരായ പല കളിക്കാരും മറ്റു സ്‌ഥലങ്ങളിലേക്ക്‌ പോയിക്കൊണ്ടിരുന്നിട്ടും ഓരോ വര്‍ഷവും പുതിയ പുതിയ അണികളെ നിരത്തിക്കൊണ്ട്‌ രംഗത്തിറക്കുന്ന കോഴിക്കോട്‌ ജില്ല എന്നും എതിരാളികളുടെ പോലും പ്രശംസക്ക്‌ പാത്രീഭൂതരായിത്തീര്‍ന്നിട്ടുണ്ട്‌.

  വോളിബോള്‍ കളിയുടെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കി സജീവ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന ഈ സംഘടനയില്‍ അധികാര മോഹവും അസൂയയും മാത്രം കൈമുതലാക്കിയ ചില കുബുദ്ധികള്‍ കടന്നുകൂടി ഇതിന്‍റെ പ്രവര്‍ത്തത്തിന്‌ വിലങ്ങുതടികള്‍ സൃഷ്‌ടിക്കുന്ന വ്യസനകരമായ സംഭവ വികാസങ്ങളും ഈ അസോസേഷനില്‍ ഉണ്ടായിട്ടുണ്ടെന്ന വസ്‌തുത ഖേദപൂര്‍വ്വ ഇവിടെ പ്രസ്‌താവിക്കട്ടെ. 1975- ജൂലായ്‌ മാസത്തില്‍ ജില്ലാ അസോസിയേഷന്‍റെ ഉന്നതമായ ഔദ്യോഗിക സ്ഥാനങ്ങളിലിരുന്നിരുന്ന ചിലരുടെ അനുഗ്രഹശിസുകളോടെ, ഒരു വിഭാഗം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ ഒരവിശ്വാസ പ്രമേയം അവതരിപ്പിക്കുവാന്‍ ചിലര്‍ ശ്രമം നടത്തുകയുണ്ടായി. വാര്‍ഷിക ജനറല്‍ ബോഡിക്ക്‌ നോട്ടീസ്‌ കൊടുത്തിരിക്കേ, തങ്ങള്‍ക്ക്‌ പറയുവാനുള്ളത്‌ എന്തും ആ യോഗത്തില്‍ പറയുവാനുള്ള അവസരം ഉണ്ടായിരുന്നിട്ടും എക്‌സിക്യൂട്ടീവിന്‍റെ തീരുമാനത്തിനെതിരെ അന്നത്തെ പ്രസിഡന്‍റ്‌ അവിശ്വാസപ്രമേയെ ചര്‍ച്ച ചെയ്യാന്‍ ഒരു സ്‌പെഷല്‍ ജനറല്‍ബോഡി യോഗം വിളിച്ചുകൂട്ടുകയുണ്ടായി. എന്നാല്‍ ആ ജനറല്‍ബോഡി യോഗത്തില്‍ അവിശ്വാസ പ്രമേയം അതവരിപ്പിക്കുവാന്‍ അനുമതിപോലും കിട്ടാതെ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി പ്രമേയം തള്ളപ്പെട്ടു. അതിന്‍റെ പിന്നില്‍ പ്രവൃത്തിച്ച തങ്ങള്‍ക്കെതിരെയുള്ള ശക്തമായ വിധിയെഴുത്തിന്‍റെ വെളിച്ചത്തില്‍ സ്ഥാനമൊഴിഞ്ഞു പോകേണ്ടിയിരുന്ന പ്രസ്‌ത ഭാരവാഹകള്‍ അധികാരത്തിമിരം മൂത്ത്‌ അതിന്‌ തയ്യാറായില്ല പിന്നീട്‌ അസോസിയെഷന്നെതിരെ കള്ളക്കേസ്‌ സംഘടിപ്പിക്കുന്നതിനാണ്‌ അന്നത്തെ പ്രസിഡന്‍റിന്‍റെയും പിന്നണിയാളുകളുടെയും ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ജനറല്‍ ബോഡിയോഗത്തില്‍ ആദ്യാവസാനം പങ്കെടുത്ത ഒരു മുന്‍ എക്‌സിക്യൂട്ടീവ്‌ അംഗത്തെക്കൊണ്ട്‌ അവര്‍ വടകര മുന്‍സീഫ്‌ കോടതിയില്‍ അദ്ദേഹത്തെ അനധികൃതമായി എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കിയിരിക്കുന്നുവെന്നും അയാളുടെ എക്‌സിക്യൂട്ടീവ്‌ അംഗത്വം വീണ്ടും സ്ഥാപിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഒരു കേസ്‌ ഫയല്‍ ചെയ്യിപ്പിച്ചു. ഇതിനെതുടര്‍ന്ന്‌ അസോസിയേഷന്‍ തുടങ്ങിയ ജില്ലാ ലീഗ്‌ മല്‍സരങ്ങള്‍ നടത്തുന്നത്‌ നിരോധിച്ചുകൊണ്ട്‌ ഒരു ഉത്തരവും കോടതിയില്‍ നിന്നും മേടിച്ചു. ഇതിനെതിരെ അസോസിയേഷനു വേണ്ടി എക്‌സിക്യൂട്ടീവ്‌ അധികാരപ്പെടുത്തിയതനുസരിച്ച്‌ പ്രസിഡന്‍റ്‌ പി.വി. അബ്‌ദുള്ളക്കോയയും, സെക്രട്ടറി ശ്രി. പി. ബാഹുലേയനും വക്കാലത്ത്‌ കൊടുത്തു. എന്നാല്‍ ലീഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ തുടങ്ങേണ്ട ഒക്‌ടോബര്‍ 15-ന്‌ തലേ ദിവസം വടകര കോടതിയില്‍ പ്രസിഡന്‍റ്‌ സ്വന്തമായി മറ്റൊരു വക്കീല്‍ മുഖാന്തിരം ഹാജരാവുകയും, തത്വത്തില്‍ അസോസിയേഷന്‍റെ താല്‍പര്യത്തിന്‌ വിരുദ്ധമായ വിധത്തില്‍ വാദിക്കുകയും ചെയ്‌തു, ഈ പുതിയ സംഭവവികാസം എല്ലാവരിലും ആശയക്കുഴപ്പങ്ങളുണ്ടാക്കി. സ്റ്റേറ്റ്‌ അസോസിയേഷന്‍റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭാരവാഹികള്‍ ലീഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ നടത്താമെന്ന്‌ അവസാനം കോടതി ഉത്തരവുണ്ടാകുകയും ചെയ്‌തു. എന്നാല്‍ പ്രസിഡന്‍റ്‌ പി.വി. അബ്‌ദുള്ളക്കോയയും ഒരു വൈസ്‌ പ്രസിഡന്റായ ശ്രീ. പി. എം. അബുവും ലീഗ്‌ ടൂര്‍മെന്‍റില്‍ സഹകരിച്ചില്ല. എന്നു മാത്രമല്ല ആഗസ്റ്റ്‌ 20-നു പ്രസിഡന്‍റ്‌ അദ്ദേഹത്തിന്‍റെ സ്ഥാനും രാജിവെച്ചുകൊണ്ടുള്ള കത്ത്‌ സീനിയര്‍ വൈസ്‌ പ്രസിഡന്‍റിനെ ഏല്‍പ്പിക്കുകയും ചെയ്‌തു. പ്രസ്‌തുത രാജിക്കത്ത്‌ ഡിസമ്പറില്‍ എക്‌സിക്യൂട്ടീവ്‌ അംഗീകരിക്കുകയും പുതിയ ജില്ലാ പ്രസിഡന്റായി ഡോ. ടി.കെ. ജയരാജിനെ തിരഞ്ഞെടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ 76 ജൂണില്‍ പ്രസ്‌തുത കേസ്‌ ചിലവ്‌സഹിതം തള്ളിക്കൊണ്ട്‌ അസോസിയേഷന്‌ അനുകൂലമായി വടകര കോടതിയില്‍ നിന്ന്‌ വിധിയായി. ഈ കേസില്‍ ജില്ലാ അസോസിയേഷന്‍റെ ഒരു വൈസ്‌ പ്രസിഡന്റായ മി. അബു അന്യായക്കാരനനുകൂലമായി സാക്ഷി പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തോട്‌ എക്‌സിക്യൂട്ടീവ്‌ വിശദീകരണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ വിശദീകരണവും വൈസ്‌പ്രസിഡന്‍റ്‌ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്തും ഒന്നിച്ചാണ്‌ അദ്ദേഹം അയച്ചുതന്നത്‌. പ്രസ്‌തുത രാജി എക്‌സിക്യൂട്ടീവ്‌ ഏകകണ്‌ഠേന സ്വീകരിക്കുകയും തുടര്‍ന്ന്‌ അദ്ദേഹത്തിന്നെതിരെ തല്‍ക്കാലം നടപടികള്‍ സ്വീകരിക്കേണ്ടതില്ലായെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു.

  1976-ല്‍ ജൂലായില്‍ കോഴഞ്ചേരിയില്‍ നടന്ന സ്റ്റേറ്റ്‌ അസോസിയേഷന്‍റെ ജനറല്‍ബോഡി യോഗത്തില്‍ കേന്ദ്രഗവര്‍മെണ്ട്‌ നിര്‍ദ്ദേശിച്ചതും കേരളാ സ്‌പോട്‌സ്‌ കൗണ്‍സില്‍ അംഗീകരിച്ചതുമായ ഗൈഡ്‌ ലൈന്‍സിന്‍റെ പൊരുള്‍ അര്‍ത്ഥത്തിലോ അക്ഷരത്തിലോ അംഗീകരിക്കുവാന്‍ തയ്യാറാകാത്ത പഴയ ഭാരവാഹികള്‍ പുതിയ സ്റ്റേറ്റ്‌ ഭാരവാഹികളെ തിരഞ്ഞെടുക്കുവാന്‍ സമ്മതിക്കാതെ യോഗം പിരിച്ചുവടാന്‍ മുതിര്‍ന്നപ്പോള്‍ യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങള്‍ പുതിയ സ്റ്റേറ്റ്‌ ഭാരവാഹികളെ തിരഞ്ഞെടുക്കുകയാണത്രേ ഉണ്ടായത്‌. ഈ സംരംഭത്തിന്‌ സ്റ്റേറ്റിലെ 11 ജില്ലകളില്‍ ഏഴ്‌ എണ്ണത്തിന്റേയും പിന്തുണയും സഹകരണവും ഉണ്ടായിരുന്നുവെന്നാണറിവ്‌.

 • തിരിഞ്ഞുനോക്കുമ്പോള്‍

  പി. ബാഹുലേയന്‍ (മുന്‍ സെക്രട്ടറി കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍.)

  1977 ആഗസ്റ്റ്‌ 22-നു ചേര്‍ന്ന ജില്ലാ വാര്‍ഷിക പൊതുയോഗത്തില്‍ 49 അംഗങ്ങള്‍ പങ്കെടുത്തിരുന്നു. അജണ്ടയനുസരിച്ച്‌ യോഗ നടപടികള്‍ ആരംഭിച്ചപ്പോള്‍ നിരാശയും വൈരാഗ്യവും മാത്രം കൈമുതലാക്കിയ 10 പേര്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപോയി. തുടര്‍ന്ന്‌ 39 അംഗങ്ങള്‍ യോഗ നടപടികള്‍ തുടരുകയും അജണ്ടയനുസരിച്ച്‌ വരവു ചിലവു കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടും അംഗീകരിക്കുകയും അടുത്ത കൊല്ലത്തേക്കുള്ള ബഡ്‌ജറ്റ്‌ പാസ്സാക്കുകയും 76-77 ലേക്കുള്ള സ്‌പോര്‍ട്ട്‌സ്‌ കൗണ്‍സില്‍ മെമ്പര്‍, എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍, ഓഡിറ്റര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്‌തു, വിചിത്രമെന്നു പറയട്ടെ പിറ്റേന്നു നാട്ടുകാര്‍ പത്രങ്ങളിലൂടെ അറിഞ്ഞത്‌ ഇറങ്ങിപ്പോയ 10 പേര്‍ സ്റ്റേഡിയം പരിസരത്ത്‌ യോഗം ചേര്‍ന്ന്‌ 39 അംഗങ്ങളടങ്ങിയ ജനറല്‍ബോഡിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു എന്നുള്ള പരിഹാസ്യമായ വാര്‍ത്തയാണ്‌. ഇത്‌ സപോര്‍ട്ട്‌സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും, പത്രങ്ങളുടേയും എല്ലാം തന്നെ നിന്ദക്കും പരിഹാസത്തിനും പാത്രീഭവിച്ചിരിക്കുകയാണുണ്ടായത്‌. അധികാരമോഹികളും കുബുദ്ധികളുമായ ഇത്തരം ആളുകളുടെ പ്രവര്‍ത്തനമാണ്‌ ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ്‌ രംഗത്തെ നാശത്തിലേക്ക്‌ വലിച്ചിഴക്കുന്നത്‌ എന്നത്‌ ഒരു ദു:ഖ സത്യമായിതന്നെ നിലകൊള്ളുന്നു ഈ പിളര്‍പ്പന്‍മാര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ്‌ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു തടയുവാനും അസോസിയേഷനെ പൊതുജന മദ്ധ്യത്തില്‍ അവഹേളനാപാത്രമാക്കുവാനും തുനിയുകയുണ്ടായി. എന്നാല്‍ ഈ വര്‍ഷം അഞ്ചു ജില്ലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി 45 ദിവസത്തോളം കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയില്‍ 64 ക്ലബുകള്‍ പങ്കെടുത്തുകൊണ്ട്‌ ഇവിടുത്തെ ക്ലബുകളുടേയും കളിക്കാരുടേയും നാട്ടുകാരുടേയും അകമഴിഞ്ഞ പിന്തുണയോടെ തന്നെ വമ്പിച്ച വോളിബോള്‍ മേളയും അഖിലേന്ത്യാ ടൂര്‍ണ്ണമെന്റും നടന്നു അസോസിയേഷന്‍റെ മുന്‍ഭാരവാഹികളെയും മണ്‍മറഞ്ഞു പോയ എം. കെ. അഹമ്മദ്‌, പി.പി. ദേവസ്സി, എം. രാജഗോപാല്‍ എന്നിവരെയും ഒരഭ്യുന്നതകാംക്ഷിയായിരുന്ന മൊയ്‌തി വക്കീലിനെയും ഈ അവസരത്തില്‍ സ്‌മരിക്കട്ടെ, ജില്ലാ അസോസിയേഷന്‍റെ പ്രവര്‍ത്തനത്തിന്‌ എന്നുംസഹായ സഹകരണങ്ങള്‍ ചെയ്‌തു പോന്നിട്ടുള്ള എല്ലാവരേയും ആര്‍ക്കും മറക്കുക സാദ്ധ്യമല്ല നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും എല്ലാ എതുപ്പുകളേയും പ്രലോഭനങ്ങളേയും അവഗണിച്ചുകൊണ്ട്‌ ജില്ലയിലെ ക്ലബ്ബുകളും കളിക്കാരും മറ്റനുഭാവികളും കാണിച്ച അളവറ്റ സഹായ സഹകരണങ്ങള്‍ക്കു സ്‌നേഹാദരങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ടു, മേലിലും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ അസോസിയേഷന്‌ ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ നിര്‍ത്തട്ടെ.