ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളില്‍ വോളിബോള്‍ കടത്തനാട്ടില്‍ കളിച്ചു തുടങ്ങിയിരുന്നു.... കടത്തനാട്ടില്‍ വോളിബോള്‍ വ്യാപകമായി പ്രചരിക്കുവാന്‍ തുടങ്ങിയത് നാല്‍പ്പതുകളിലാണ്. കടത്തനാടിന്‍റെ മനസ്സില്‍ വോളിബോള്‍ തിളക്കുന്ന ലഹരിയായി മാറുകയായിരുന്നു..... തലമുറകളില്‍നിന്ന് പകര്‍ന്നുകിട്ടിയ അറിവിലൂടെ കടത്തനാടിന്‍റെ ഒരു ഓട്ടപ്രദക്ഷിണം.
കടത്തനാട്ടില്‍ വോളിബോള്‍ വ്യാപകമായി പ്രചരിക്കുവാന്‍ തുടങ്ങിയത് നാല്‍പതുകളിലാണ്. വടകര ട്രെയിനിങ്ങ് സ്‌കൂളില്‍ നിന്നും പരിശീലനം നേടിയ അധ്യാപകര്‍ കടത്തനാട്ടില്‍ അങ്ങിങ്ങായി വോളിബോള്‍ നെററുകള്‍ ഉയര്‍ത്തിത്തുടങ്ങി. വോളിബോളിന്‍റെ കടത്തനാടന്‍ പ്രചാരത്തില്‍ പ്രമുഖസ്ഥാനം വടകര ട്രെയിനിങ്ങ് സ്‌ക്കൂളിനും മിഷന്‍ സ്‌കൂളിനും പുറമേരി ഹൈസ്‌കൂളിനുമാണ്. ടി.എച്ച്. ഗോപാലക്കുറുപ്പ്, പൂന്തോട്ടത്തില്‍ ബാലന്‍ നമ്പ്യാര്‍, തമ്പുരാന്‍ ഗോപാലന്‍ നായര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയ പ്രഗത്ഭ കളിക്കാര്‍ കളിക്കളത്തിലെത്തുന്നത് ഇക്കാലത്താണ്. 1942-ല്‍ വടകര നാരായണ നഗരത്തില്‍ ഒരു ടൂര്‍ണമെന്‍റ് നടന്നു. ബാഡ്മിന്റണ്‍ കളിക്കാരന്‍ കൂടിയായിരുന്ന സി. കെ കൊറുമ്പന്‍, വീരോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, മുന്‍ എം.എല്‍.എ. എം. കൃഷ്ണന്‍, വി.കെ. ഗോപാലന്‍ മാസ്റ്റര്‍, അപ്പക്കുറുപ്പ്, കേളുവൈദ്യര്‍ എന്നിവരൊക്കെ പ്രധാന സംഘാടകരായിരുന്ന ഈ ടൂര്‍ണമെന്‍റില്‍ ജേതാക്കളായത് വടകര ടൗണ്‍ ടീമായിരുന്നു. എം. കൃഷ്ണന്‍റെ നേത്യത്വത്തില്‍ വടകരയില്‍ നിരവധി തവണ ലില്ലി പൂഷന്‍ ടൂര്‍ണ്ണമെന്‌റുകളും ഇക്കാലയളവില്‍ നടക്കുകയുണ്ടായി. കടത്തനാടിന്‍റെ മനസ്സില്‍ വോളിബോള്‍ അങ്ങനെ തിളക്കുന്ന ലഹരിയായി മാറുകയായിരുന്നു. തലമുറകള്‍ ഒന്നിച്ച് ഈ കളിയിലേക്ക് കൂട്ടായ്മയോടെ മുന്നിട്ടിറങ്ങി. അറുപത് വയസ്സ് കഴിഞ്ഞ യുവാക്കളും ഈ കളിയുടെ ലഹരിയില്‍ മതിമറന്ന് നിത്യേന വൈകീട്ട് വോളിബോള്‍ കളിക്കുന്ന കാഴ്ച അസാധാരണമായിരുന്നു. കോളോത്ത് കൃഷ്ണന്‍, നാജറ വീട്ടില്‍ ആണ്ടിയമ്മാവന്‍, എം.പി ശങ്കരന്‍ എന്നിവരൊക്കെ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
കോര്‍ട്ടുകള്‍ തയ്യാറാക്കാനും പന്തും നെറ്റും വാങ്ങാനും ടൂര്‍ണ്ണമെന്റുകള്‍ നടത്താനുമൊക്കെയായി സാമ്പത്തികമുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തവര്‍ ഏറെയാണ്. തയ്യുള്ളതില്‍ നാരായണന്‍, പി.പി. കുഞ്ഞിരാമന്‍ വക്കീല്‍, ഭീമാ വിലാസം ഹോട്ടല്‍ ഉടമ കണാരന്‍, അപ്പക്കുറുപ്പ്, കൊറുമ്പന്‍, ബംഗ്ലാവില്‍ ശങ്കരന്‍, വീരോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, തന്തു നായര്‍ തുടങ്ങിയവര്‍ വോളിയുടെ വളര്‍ച്ചയ്ക്ക് ചെയ്ത സഹായങ്ങളേറെയാണ്. ജനപ്രീതി നേടിയെടുത്ത് വോളിബോള്‍ കളിക്കളത്തിലേക്ക് പ്രതിഭാശാലികളായ ഒട്ടേറെ കളിക്കാരുടെ മുന്നേറ്റമുണ്ടായി. സി.എം. പത്മനാഭനടിയോടി, നാരായണന്‍ നായര്‍, തിക്കോടി രാഘവന്‍ വൈദ്യര്‍, സി.കെ. കൃഷ്ണന്‍, പി.കുമാരന്‍, ഉണ്ണി, ജോഷി, സി.എച്ച്. ഗോപാലന്‍, പി. നാണു, എം.രാമക്കുറുപ്പ്, നെടുങ്ങാടി ബാങ്ക് ജീവനക്കാരനായിരുന്ന നാണുനായര്‍, കളത്തില്‍ നാരായണന്‍, ബേസി, മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന കടുങ്ങോന്‍, ഡ്രൈവര്‍ കുഞ്ഞിരാമന്‍, കേളന്‍ മാഷ്, രാമന്‍ മാഷ്..... ആ പട്ടിക അങ്ങനെ നീളുന്നു.
പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂളില്‍ അക്കാലത്ത് കായികാദ്ധ്യാപകനായി വന്ന പരമേശ്വരമേനോന്‍റെ കഠിന പ്രയത്‌നത്താല്‍ ഒട്ടേറെ കളിക്കാര്‍ പുറമേരി, ഇരിപ്പറ്റ, വാണി മേല്‍, വില്ല്യാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ ജന്മം കൊണ്ടു. അത്തോളി, പള്ളിക്കര, കോട്ടക്കല്‍ എന്നിവയും അക്കാലത്തെ പ്രമുഖ വോളി കേന്ദ്രങ്ങളായിരുന്നു. എം. കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, പത്മനാഭന്‍ നമ്പ്യാര്‍, കുഞ്ഞപ്പ നമ്പ്യാര്‍, അബ്ദു റഹ്മാന്‍, വി.കെ. ദാമോദരന്‍ നമ്പ്യാര്‍, കേളുക്കുറുപ്പ്, ടി.വി. പപ്പന്‍, പൊക്കന്‍, കാട്ടില്‍ കുഞ്ഞമ്മദ്, രാമചന്ദ്രന്‍ നായര്‍, കുഞ്ഞികൃഷ്ണക്കുറുപ്പ്, എം.സി. നാരായണന്‍ നമ്പ്യാര്‍, കുഞ്ഞികൃഷ്ണന്‍, ഗോവിന്ദന്‍, കണാരന്‍ മാഷ് തുടങ്ങിയവരൊക്കെ പുറമേരി ഹൈസ്‌ക്കൂളില്‍ നിന്നും കളിച്ചു വളര്‍ന്നവരാണ്. നരിപ്പറ്റയിലെ ചാത്തു മാസ്റ്റര്‍, ചോയി മാസ്റ്റര്‍, എം.എം. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരും പ്രശസ്തരായിരുന്നു. അക്കാലത്ത് സ്‌കൂളുകള്‍ക്ക് വേണ്ടി നടത്തിയിരുന്ന വെസ്റ്റ് - കോസ്റ്റ് ടൂര്‍ണ്ണമെന്‍റില്‍ പുറമേരി ഹൈസ്‌കൂള്‍ നിരവധി തവണ ചാമ്പ്യന്മാരായിട്ടുണ്ട്. വെസ്റ്റ് - കോസ്റ്റ് ടൂര്‍ണ്ണമെന്‍റില്‍ പ്രഥമ ചാമ്പ്യന്മാരായ വര്‍ഷം കുഞ്ഞിക്കേളുക്കുറുപ്പ്, ടി.വി. പപ്പന്‍, കുഞ്ഞപ്പ് നമ്പ്യാര്‍, പൊക്കന്‍, രാമചന്ദ്രന്‍ നായര്‍, കുഞ്ഞികൃഷ്ണക്കുറുപ്പ് എന്നിവരായിരുന്നു പുറമേരിക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയത്. കോഴിക്കോട് ഗണപത് ഹൈസ്‌ക്കൂളില്‍വെച്ചായിരുന്നു മത്സരം. ജേതാക്കളെ എതിരേല്‍ക്കാന്‍ വടകര റയില്‍വേ സ്റ്റേഷനിലേക്ക് ഹെഡ് മാസ്റ്റര്‍ കെ.കെ. നമ്പ്യാരുടെ നേത്യത്വത്തില്‍ പുറമേരിയില്‍നിന്ന് കുട്ടികള്‍ കോരിച്ചൊരിയുന്ന മഴയത്ത് ഒരു ജാഥയായി തന്നെ പോവുകയുണ്ടായി. 1947 - ല്‍ വിജയിച്ച ടീമില്‍ അബ്ദു റഹ്മാനും, വി.കെ. ദാമോദരന്‍ മാസ്റ്ററും അംഗങ്ങളായിരുന്നു. വില്യാപ്പള്ളിക്കടുത്ത കുറുക്കാട്ട് സ്‌കൂള്‍ ( ഇന്നത്തെ വില്യാപ്പള്ളി യു. പി. സ്‌കൂള്‍ ) കേന്ദ്രമായി ടി.വി. നാരായണന്‍ നമ്പ്യാര്‍, പുനത്തില്‍ രാമന്‍ നായര്‍, വീരാളി അപ്പുക്കുറുപ്പ്, പൈതല്‍, കിടഞ്ഞോത്ത് നാരായണക്കുറുപ്പ്, കുറുക്കോട്ട് കുട്ടികൃഷ്ണക്കുറുപ്പ് എന്നിവരടങ്ങുന്ന മികച്ച ഒരു ടീമുണ്ടായിരുന്നു.
1947 -ല്‍ കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്‍റില്‍ നാരായണന്‍ നായരുടെ നേത്യത്വത്തില്‍ വടകര ടൗണ്‍ റിക്രിയേഷന്‍ ക്ലബ് കേരളത്തിലെ പ്രമുഖ ടീമുകളെ പരാജയപ്പെടുത്തി ജേതാക്കളായത് കടത്തനാടന്‍ വോളിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി മാറി. മലബാര്‍ ചാമ്പ്യന്‍ പട്ടം നാരായണന്‍ നായര്‍ക്ക് ലഭിക്കുന്നത് ഈ ടൂര്‍ണ്ണമെന്‍റിലെ ജയത്തോട് കൂടിയാണ്. അദ്ദേഹത്തിന്‍റെ പ്രധാന ആരാധകന്‍ അക്കാലത്ത് വടകരയിലെ പ്രമാണിയായിരുന്ന കോരന്‍ മകന്‍ കൃഷ്ണനായിരുന്നു. കൃഷ്ണന്‍റെ നേതൃത്വത്തിതല്‍ ഒരു സംഘം വോളി പ്രേമികള്‍ കൊടുങ്ങല്ലൂരിലേക്ക് വടകര ടീമിനോടൊപ്പം പോവുകയുണ്ടായി. വടകരയുടെ വോളിബോള്‍ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട വ്യക്തികളായിരുന്നു കോരന്‍ മകന്‍ കൃഷ്ണനും അനുജന്‍ ടി.കെ. കുഞ്ഞിരാമനും പറമ്പത്ത് കൃഷ്ണനും വടകര ബസ്റ്റാന്‍റില്‍ പോര്‍ട്ടറായിരുന്ന കുറുപ്പും.
ദേശീയ നിലവാരം പുലര്‍ത്തിയ ഒരു സംഘം കളിക്കാരുടെ അരങ്ങേററമായിരുന്നു പിന്നീട്. തിക്കോടി രാഘവന്‍ വൈദ്യര്‍, നാരായണന്‍ നായര്‍, ഇരിങ്ങല്‍ പപ്പന്‍, അബ്ദുറഹ്മാന്‍ പാലോറ നാണു, കളത്തില്‍ മുകുന്ദന്‍, വി.കെ ദാമോദരന്‍ നമ്പ്യാര്‍, ടി.പി. ഭാസ്‌കരക്കൂറുപ്പ് തുടങ്ങിയവരുടെ മെയ്‌വഴക്കവും കൈക്കരുത്തും കടത്തനാടന്‍ വോളിക്ക് പുതിയ മാനങ്ങള്‍ നല്‍കി. പൂവാടന്‍ പ്രഭാകരന്‍, വെള്ളികുളങ്ങര കുമാരന്‍, ഭീമാ വിലാസം മിത്രന്‍, പുറങ്കര ദാമോദരന്‍, അനിത കുഞ്ഞിക്കണ്ണന്‍ എന്നിവരും അക്കാലത്തെ പ്രശസ്ത കളിക്കാരായിരുന്നു. പയ്യോളിയിലെ ജിംഖാന ക്ലബും വടകരയിലെ ടൗണ്‍ റിക്രിയേഷന്‍ ക്ലബും ചേര്‍ന്ന് രൂപീകരിച്ച മലബാര്‍ ജീംഖാന ക്ലബ് വോളിബോളിന്‍റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനം പിടിച്ചു പററുകയും ചെയ്തു. മലബാര്‍ ജിംഖാനയുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ചത് നാരായണന്‍ നായരും ബി. ഇ. എം ഹൈസ്‌കൂളിലെ സഞ്ജീവന്‍ മാസ്റ്ററുമായിരുന്നു. കോട്ടയില്‍ ബാലകൃഷ്ണന്‍ നമ്പ്യാരായിരുന്നു പ്രഥമ പ്രസിഡണ്ട്. സിക്രട്ടറി സഞ്ജീവന്‍ മാസ്റ്ററും ഖജാന്‍ജി കേരള ഹോട്ടല്‍ കുഞ്ഞിരാമനും. കോരന്‍ മകന്‍ കൃഷ്ണന്‍, മാണിയൂര്‍ ഗോപാലന്‍, കണ്ടോത്ത് ഗോവിന്ദന്‍ , കോറോത്ത് പത്മനാഭന്‍, പി.കെ. ചാത്തു തുടങ്ങിയവര്‍ ജിംഖാനയുമായി ബന്ധപ്പെട്ട് കടത്തനാടന്‍ വോളിയുടെ വളര്‍ച്ചക്ക് വേണ്ടി വളരെയേറെ പാടുപെട്ടു.
1948 - ല്‍ പൊന്നാനി നടന്ന ടൂര്‍ണ്ണമെന്‍റില്‍ മലബാര്‍ ജിംഖാന ചാമ്പ്യന്മാരായത് ഒരു ചരിത്ര സംഭവമായിരുന്നു. തിക്കോടിയിലും വടകരയിലുമായി നിരവധി പ്രദര്‍ശന മത്സരങ്ങള്‍ നടത്തിയതിന് ശേഷമാണ് പൊന്നാനിയില്‍ മത്സരിക്കാനുള്ള ടീമിനെ തെരഞ്ഞെടുത്തത്. നാരായണന്‍നായരുടെ ക്യാപ്‌ററന്‍സിയില്‍ ഇറങ്ങിയ ജിംഖാനക്ക് വേണ്ടി പൊന്നാനിയില്‍ നടത്തിയ ആ ഉശിരന്‍ പ്രകടനത്തിന് ശേഷം അബ്ദുറഹ്മാനും കളത്തില്‍ മുകുന്ദനും പ്രശസ്തരായി. ചീരമണി, മത്തായി, ബാവ തുടങ്ങിയവര്‍ അണി നിരന്ന പൊന്നാനി ടീമിനെയാണ് മലബാര്‍ ജിംഖാന ഫൈനലില്‍ പരാജയപ്പെടുത്തിയത്. കുന്ദംകുളം, പെരിഞ്ഞനം, വലപ്പാട്, മൂക്കുതല, ചമ്പക്കുളം, കല്‍പ്പറ്റ, നാഗര്‍കോവില്‍, തിരുവല്ല, പയ്യന്നൂര്‍, എഗ്മൂര്‍, കടപ്പാക്കട, പാല, മംഗലാപുരം, തിരുവന്തപുരം മാങ്കാവ്, പാലക്കാട് തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിലെ ടൂര്‍ണ്ണമെന്റുകളില്‍ മലബാര്‍ ജിംഖാന നേരിട്ടോ, ജിംഖാനയിലെ കളിക്കാര്‍ അതിഥികളായോ മത്സരിച്ചിട്ടുണ്ട്. അക്കാലത്തെ പ്രശസ്ത കളിക്കാരായിരുന്ന കുഞ്ഞിക്കെളവന്‍, വലപ്പാട് ചന്ദ്രശേഖരന്‍ എന്നിവര്‍ ജിംഖാനക്കു വേണ്ടി അതിഥി താരങ്ങളായി എത്താറുണ്ടായിരുന്നു.
1949 -50-ല്‍ മദ്രാസ് വൈ.എം. സി. എയില്‍ നടന്ന പ്രൊവിന്‍ഷ്യല്‍ ഒളിമ്പിക്‌സില്‍ ചാമ്പ്യന്മാരായതോടുകൂടി മലബാര്‍ ജിംഖാന അഖിലേന്ത്യാ പ്രശസ്തിയിലേക്കുയര്‍ന്നു. അന്ന് വൈ. എം. സി. എ കോളേജില്‍ പരിശീലനം നടത്തുകയായിരുന്ന കുഞ്ഞപ്പ നമ്പ്യാര്‍, വി. കെ. ദാമോദരന്‍ നമ്പ്യാര്‍, കിഴക്കയില്‍ നാരായണക്കുറുപ്പ്, പെരിഞ്ഞനം രാജന്‍, കുന്ദംകുളം ഉതുപ്പുരു എന്നിവരുടെ ഉത്സാഹം മൂലമാണ് ജിംഖാന പ്രൊവിന്‍ഷ്യല്‍ ഒളിമ്പിക്‌സില്‍ മാറ്റുരക്കാനെത്തുന്നത്. മദ്രാസിലേക്ക് പോകാനുള്ള പണം വടകരക്കാര്‍ സ്‌നേഹപൂര്‍വ്വം നല്‍കുകയായിരുന്നു. കരുണാകരക്കുറുപ്പ്, എ. പി. കോയ, ശ്രീധരന്‍പിള്ള എന്നിവരടങ്ങിയ തിരുവിതാംകൂര്‍ പോലീസ്; ബുച്ചിരാമയ്യ, കോദണ്ഡരാമയ്യ തുടങ്ങിയവര്‍ കളിച്ച ഗുണ്ടൂര്‍; മാടസ്വാമി, സുലൈമാന്‍, രത്‌നം, അയ്യാവു, അബ്ദുറസാക്ക് എന്നിവരടങ്ങിയ തഞ്ചാവൂര്‍ തുടങ്ങിയ ടീമുകളായിരുന്നു ജിംഖാനയ്ക്കു പുറമേ മദ്രാസില്‍ കളിക്കാനെത്തിയിരുന്നത്. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തഞ്ചാവൂരിനെ തോല്‍പ്പിച്ച് ജിംഖാന ചാമ്പ്യന്മാരായി. നാരായണന്‍ നായര്‍, തിക്കോടി രാഘവന്‍ വൈദ്യര്‍, പാലോറ നാണു, അബ്ദുറഹ്മാന്‍, കളത്തില്‍ മുകുന്ദന്‍, പാച്ചുക്കുട്ടി എന്നിവരായിരുന്നു ജിംഖാനയുടെ ഹൈനലില്‍ ഇറങ്ങിയ സ്റ്റാര്‍ട്ടിംഗ് സിക്‌സ്. മദ്രാസ് ഒളിമ്പിക്‌സിലെ ജയം അബ്ദുറഹ്മാനെ ഒളിമ്പ്യന്‍ അബ്ദുറഹ്മാനാക്കി മാറ്റി. ചാമ്പ്യന്മാരായി ടീമംഗങ്ങള്‍ തിരിച്ചെത്തിയ ദിവസം വടകരയില്‍ ഉത്സവമായിരുന്നു. വടകരക്കാര്‍ ഈ കളിയെ എത്ര മാത്രം സ്‌നേഹിക്കുന്നു എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമായയിരുന്നു അന്നത്തെ ആഘോഷങ്ങള്‍. തുടര്‍ന്നും നിരവധി തവണ മലബാര്‍ ജിംഖാന പ്രൊവിഷ്യല്‍ ഒളിമ്പിക്‌സില്‍ ജേതാക്കളായിട്ടുണ്ട്.
കമ്പൗണ്ടര്‍ അച്ചു, ഇമ്പിച്ചി മമ്മു, പയിമ്പ്ര രാമന്‍ നായര്‍, പാച്ചുക്കുട്ടി, രാമന്‍, വെസ്റ്റ്ഹില്‍ അപ്പു എന്നിവര്‍ കളിച്ചിരുന്ന വെസ്റ്റ്ഹില്‍ സിക്‌സസ്; ടി. പി. നായര്‍, പ്രഭാകരക്കുറുപ്പ്, അബു, കുഞ്ഞികൃഷ്ണന്‍ എന്നിവരടങ്ങിയ ചെറുകുന്ന് ടീം; കെ. ടി. പപ്പന്‍, കതിരൂര്‍ മമ്മു, മമ്പറം കൃഷ്ണന്‍, കുഞ്ഞമ്പു, മാമന്‍ മാഷ് എന്നിവര്‍ അണി നിരന്നിരുന്ന പെരളശ്ശേരി ടീം തുടങ്ങിയവരായിരുന്നു ജിംഖാനക്കു പുറമെ അക്കൊല്ലത്തെ മലബാറിലെ പ്രശസ്ത ടീമുകള്‍. മലപ്പള്ളി വര്‍ക്കി, നോയല്‍ രാജി, വാഴക്കുളം ജോസഫ്, കരുണാകരക്കുറുപ്പ് (അണ്ണന്‍ ), ഹൈദ്രോസ്, വാഹിദ്, മത്തായി, സുലൈമാന്‍, തോമസ്, എ.പി. കോയ, പരീത്, നീലകണ്ഠന്‍, ശ്രീധരന്‍പിള്ള, കലവൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ ആ കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ പ്രശസ്ത താരങ്ങളായിരുന്നു. ടി.ഡി.ഇ. ബാംഗ്‌ളൂര്‍, മധുര സിറ്റി ക്ലബ്, സതേണ്‍ റെയില്‍വേ, എഗ്മൂര്‍ ഫ്രന്‍റ്‌സ്, തിരു - കൊച്ചി പോലീസ്, ബാംഗ്‌ളൂര്‍ ഭരത്, കേരളാ ടോര്‍പ്പിഡോസ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, താജ്മഹല്‍ മദ്രാസ്, ഗുണ്ടൂര്‍, തിരുനെല്‍വേലി, സേലം തുടങ്ങിയവരായിരുന്നു അക്കാലത്തെ ഇന്ത്യയിലെ പ്രശസ്ത ടീമുകള്‍. പുതിയ തന്ത്രങ്ങളാണ് മലബാര്‍ ജിംഖാനയിലെ കളിക്കാര്‍ പരീക്ഷിച്ചത്. കടത്തനാട്ടില്‍ നിന്നും ഇന്ത്യയാകമാനം ഉയരുന്ന വോളിബോളിന്‍റെ പ്രശസ്തിക്കു പിന്നില്‍ ജിംഖാനയിലെ താരങ്ങളുടെ സവിശേഷതകള്‍ ഉണ്ടായിരുന്നു.
ഇരുപത് വയസ്സിനകം ഇരുനൂറ്റി നാല്‍പ്പത് സ്വര്‍ണ്ണക്കപ്പുകള്‍ നേടിയ കളിക്കാരനെന്നാണ് പഴയ തലമുറയിലെ ആളുകള്‍ നാരായണന്‍ നായരെ വിശേഷിപ്പിക്കുന്നത്. അധ്യാപകനായും വെല്‍ഫെര്‍ ഓഫീസറായും പഞ്ചായത്ത് ഇന്‍സ്‌പെക്ടറായുമൊക്കെ ഔദ്യോഗിക രംഗത്ത് ഉണ്ടായിരുന്ന നാരായണന്‍നായര്‍ 1977 - ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കുട്ടിയായിരുന്നപ്പോള്‍ കയ്യില്‍ കരിക്കട്ടയുമായി വായുവിലേക്ക് ഉയര്‍ന്ന് ചുമരില്‍ അടയാളമിടുക നാരായണന്‍ നായരുടെ രീതിയായിരുന്നു. തുണിപ്പന്ത് ഉപയോഗിച്ചാണ് കളിയാരംഭിച്ചത്. 1947 - ല്‍ കൊടുങ്ങല്ലൂരില്‍ വെച്ച് അദ്ദേഹം മലബാര്‍ ചാമ്പ്യനായി. വോളിബോള്‍ കടത്തനാട്ടില്‍ വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച നാരായണന്‍ നായര്‍ ഈ രംഗത്തുള്ളവര്‍ക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അവസാന കാലത്ത് മങ്കര രാമാനന്ദാശ്രമത്തില്‍ നിന്ന് മന്ത്ര ദീക്ഷ സ്വീകരിച്ച് സ്വാമി നാരായണന്‍ നായരായി 1994 - ല്‍ അദ്ദേഹം അന്തരിച്ചു.
ഒരു കാലഘട്ടത്തില്‍ ബ്ലോക്കിംഗില്‍ തിക്കോടി രാഘവന്‍ വൈദ്യരെ വെല്ലാന്‍ കേരളത്തില്‍ ആരുമുണ്ടായിരുന്നില്ല. മലബാര്‍ ജിംഖാന ആദ്യമായി പ്രൊവിഷ്യല്‍ ഒളിമ്പിക്‌സില്‍ ചാമ്പ്യന്‍ പട്ടം നേടിയെടുത്തതിന്‍റെ പിന്നിലെ തുരുപ്പു ചീട്ട് വൈദ്യരുടെ ബ്ലോക്കിങ്ങ് തന്നെയായിരുന്നു. തിക്കോടിയില്‍ നിന്ന് വോളിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ച അദ്ദേഹം പിന്നീട് വടകര കോട്ടപ്പറമ്പ് തന്‍റെ കളിയരങ്ങാക്കി മാറ്റി. വൈദ്യരുടേയും മറ്റും വസന്തകാലത്ത് കോട്ടപ്പറമ്പിലെ പ്രാക്ടീസ് മാച്ചുകള്‍ കാണാന്‍ ആയിരങ്ങള്‍ കോട്ടപ്പറമ്പില്‍ നിത്യേന തടിച്ചു കൂമുമായിരുന്നു. തിരുവനന്തപുരം, നാഗര്‍കോവില്‍, ചമ്പക്കുളം, തിരുവല്ല, വല്ലപ്പാട്, പയ്യന്നൂര്‍, കല്‍പ്പറ്റ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ വൈദ്യര്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. കേരളത്തിലെ ഒട്ടവനധി ടീമുകള്‍ക്ക് അതിഥി താരമായയും ഈ ദീര്‍ഘകായന്‍ കളിച്ചിട്ടുണ്ട്. കുഞ്ഞിക്കെളവന്‍ മാത്രമാണ് അക്കാലത്ത് തന്‍റെ ബ്ലോക്കിനെ മറി കടന്ന ഏക കളിക്കാരനെന്ന് വൈദ്യര്‍ ഇപ്പോഴുമോര്‍ക്കുന്നു.
കുറുമ്പ്രനാട് താലൂക്കിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ താരമായ അബ്ദുറഹ്മാന്‍ കായിക ചരിത്രത്തിലെ നിത്യ വിസ്മയമാണ്. പുറമേരി ഹൈസ്‌ക്കൂളില്‍ നിന്നും വട്ടോളി ഹൈസ്‌ക്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അബ്ദുരഹ്മാന്‍ കളിക്കളത്തില്‍ ഉയര്‍ത്തിയ പുളകമുണര്‍ത്തുന്ന വെല്ലുവിളികള്‍ ഇന്നും കായിക കേരളം മറന്നിട്ടില്ല. പവര്‍ഗെയിമിന്‍റെ വീര്യവും ചന്തവും ആദ്യമായി കടത്തനാട്ടിലെ വോളി പ്രേമികള്‍ ആസ്വദിക്കുന്നത് അബ്ദുറഹ്മാനിലൂടെയാണ്. ജിംഖാനക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച അദ്ദേഹം 1954 - ല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കളത്തില്‍ മുകുന്ദനും ആ വര്‍ഷം സെലക്ഷന്‍ ഉണ്ടായിരുന്നു. പക്ഷേ സാമ്പത്തിക പരാധീനതമൂലം മനിലയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. 1955 - ല്‍ റഷ്യക്കെതിരെ നടന്ന ടെസ്റ്റില്‍ റഹ്മാന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 1958 - ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ആക്രമണത്തിന്‍റെ കുന്തമുന അബ്ദുറഹ്മാനായിരുന്നു. അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി ടി.വി. തോമസിന്‍റെ സഹായമാണ് റഹ്മാനെ ടോക്കിയോയില്‍ എത്തിച്ചത്. ടി.പി. നായര്‍, അരുണാചലം, ഭരതന്‍, ഗുരുബക്‌സിങ്ങ്, ഗുരുദേവ്‌സിങ്ങ്, ശ്രീകൃഷ്ണന്‍, മുന്നലാല്‍, സര്‍ദാരിലാല്‍ തുടങ്ങിയവര്‍ റഹ്മാനോടൊപ്പം ടോക്കിയോയില്‍ പോരാടിയെങ്കിലും ഇന്ത്യക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ കഴിഞ്ഞത് തന്‍റെ ജീവിതത്തിലെ അപൂര്‍വ്വ നേട്ടങ്ങളിലൊന്നായി അദ്ദേഹം കരുതുന്നു. ഇന്ന് വോളീ ബോളിന്‍റെ ചടുല സൗന്ദര്യമായി മാറിയ ജമ്പിങ്ങ് സര്‍വ്വീസ് അതിന്‍റെ പൂര്‍ണതയില്‍ റഹ്മാന്‍ തന്‍റെ കാലഘട്ടത്തില്‍ സഫലീകരിച്ചിരുന്നു. നാഷണല്‍ റഫറി കൂടിയായ അദ്ദേഹം ദീര്‍ഷ കാലം കോഴിക്കോട് സര്‍വകലാശാലാ ടീമിന്‍റെ പരിശീലകനുമായിരുന്നു. മദ്രാസ് ഒളിമ്പിക്‌സില്‍ അബ്ദുറഹ്മാന്‍റെ ട്രയല്‍ഷോട്ട് കണ്ട് ഞെട്ടിയ തമിഴന്‍ താരങ്ങള്‍ യാരെടാ ഇത്.... മാടോ, മനിതനോ ? എന്ന് ചോദിച്ചത് പഴയകഥ.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അപാരമായ മെയ്‌വഴക്കവും പന്തടക്കവും പ്രദര്‍ശിപ്പിച്ച പ്രഗത്ഭനായിരുന്നു വടക്കണ്ടി ദാമോദരന്‍ നമ്പ്യാര്‍. തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി പുറമേരി കാര്യാട്ട് ക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ നീണ്ട പതിനെട്ട് വര്‍ഷക്കാലം ശയ്യാവലംബിയായി കഴിഞ്ഞ അദ്ദേഹം 1998 നവംബര്‍ 21- ന് നിര്യാതനായി. പുറമേരി ഹൈസ്‌ക്കൂളിനെ നിരവധി ടൂര്‍ണമെന്റുകളില്‍ ജേതാക്കളാക്കിയത് ദാമോദരന്‍ നമ്പ്യാരുടെ അസാമാന പാടവം തന്നെയായിരുന്നു. 1951 - ല്‍ മദ്രാസ് വൈ. എം. സി. എ യില്‍ നിന്നും ട്രെയിനിംഗ് കഴിഞ്ഞെത്തിയ അദ്ദേഹം അന്നത്തെ പ്രഗത്ഭനായ ഹെഡ്മാസ്റ്റര്‍ കെ.കെ. നമ്പ്യാരുടെ പ്രത്യേക താല്‍പര്യ പ്രകാരം പുറമേരി ഹൈസ്‌ക്കൂളില്‍ കായികാധ്യാപകനായി. മലബാര്‍ ജിംഖാന ക്ലബിന്‍റെ പ്രധാന ഡിഫന്റര്‍മാരിലൊരാളായിരുന്ന നമ്പ്യാര്‍ കേരളത്തിന് വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. അധ്യാപക വോളിബോള്‍ രംഗത്ത് വടകര കൈവരിച്ച നേട്ടങ്ങള്‍ ദാമോദരന്‍ നമ്പ്യാര്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്. തൃശൂരില്‍ നടന്ന അധ്യാപക വോളി ഫൈനല്‍ മത്സരത്തില്‍ കാഞ്ഞിരപ്പള്ളിക്കെതിരെ നമ്പ്യാര്‍ ബാറ്റിംഗ് സര്‍വ്വീസിലൂടെ തുടര്‍ച്ചയായി പതിമൂന്നു പോയിന്റുകള്‍ നേടുകയുണ്ടായി. ബ്ലോക്കര്‍ ദാമു എന്ന പേരിലും അറിയപ്പെട്ടിരുന്ന ദാമോദരന്‍ നമ്പ്യാര്‍ സംസ്ഥാന സ്‌കൂള്‍ ടീം പരിശീലകനെന്ന നിലയില്‍ നിരവധി കളിക്കാരെ ഉയരങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തിയിട്ടുണ്ട്.
ഒരു യുവാവിന്‍റെ പ്രസരിപ്പോടെ ഇന്നും വടകരയിലെ വോളിബോള്‍ കോര്‍ട്ടറുകളില്‍ റഫറിയായും സംഘാടകനായും തന്‍റെ സജീവ സാന്നിദ്ധ്യമറിയിക്കുന്ന കളത്തില്‍ മുകുന്ദന്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഡിഫന്‍ന്റര്‍മാരിലൊരാളാണ്. അയേണ്‍ ഫിംഗര്‍ മുകുന്ദനും ഒളിമ്പ്യന്‍ അബ്ദുറഹ്മാനും കളിക്കളങ്ങളില്‍ രചിച്ച വീരഗാഥകളേറെ. 1947 ആകുമ്പോഴേക്കും മികച്ച കളിക്കാരനായി അംഗീകാരം നേടിയെടുത്ത മുകുന്ദന്‍ ഇന്നും വോളിബോളില്‍ തന്‍റെ ഗുരുവായി കരുതുന്നത് മലബാര്‍ ചാമ്പ്യന്‍ നാരായണന്‍ നായരെയാണ്. 1947 - ല്‍ പൊന്നാനിയില്‍ നടന്ന പ്രസിദ്ധമായ ടൂര്‍ണ്ണമെന്റായിരുന്നു കളത്തില്‍ മുകുന്ദന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. 1950- ല്‍ നടന്ന മദ്രാസ് ഒളിമ്പിക്‌സിലെ പ്രകടനത്തിന് ശേഷം മുകുന്ദന്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1952 മുതല്‍ അദ്ദേഹം മദ്രാസ് സ്റ്റേററ് ടീമിലെ സ്ഥിരം കളിക്കാരനായി മാറി. 1954 - ല്‍ ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനതമൂലം രാജ്യത്തിന് വേണ്ടി പടപൊരുതാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യവാനായ പടയാളിയാണ് മുകുന്ദന്‍. അന്നത്തെ വടകര സബ് ഇന്‍സ്‌പെക്ടര്‍ വീരമണിയുടേയും ലേബര്‍ ഓഫീസര്‍ രാമുണ്ണി മേനോന്റേയും താല്പര്യപ്രകാരം തലശ്ശേരി അണ്ടിക്കമ്പനിയില്‍ മുകുന്ദന് മാനേജരായി ജോലി ലഭിച്ചു. റഹ്മാന്‍ - മുകുന്ദന്‍ സഖ്യം അക്കാലത്തെ വോളിബോള്‍ പ്രേമികള്‍ക്ക് ഏറ്റവും പ്രിയമായിരുന്നു. നാഷണല്‍ റഫറി കൂടിയായ മുകുന്ദന്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റാണ്.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ കളിക്കളത്തില്‍ ഇടി മുഴക്കം സൃഷ്ടിച്ച ഹ്യൂമന്‍ ഡൈനാമോ എന്നറിയപ്പെട്ടിരുന്ന ഇരിങ്ങല്‍ പപ്പന്‍ ഇന്ത്യന്‍ വോളിബോളില്‍ പുതിയ അദ്ധ്യായങ്ങളെഴുതി ചേര്‍ത്ത് കടത്തനാടിന്‍റെ മികച്ച സംഭാവനയാണ്. പപ്പനിലെ വോളിബോള്‍ പ്രതിഭയെ കണ്ടെത്തി ഉയരങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് വടകര ബി. ഇ. എം. ഹൈസ്‌ക്കൂളിലെ സഞ്ജീവന്‍ മാസ്റ്ററായിരുന്നു. 1949 - ല്‍ മികച്ച പ്രകടനം കാഴ്ച വെച്ചു തുടങ്ങിയ പപ്പന്‍ 1950 - മുതല്‍ 1956 വരെ മദ്രാസ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മലബാര്‍ ജിംഖാനയ്ക്കുവേണ്ടി കളിച്ചു. 1952 - ല്‍ സിലോണില്‍ പര്യടനം നടത്തിയ മദ്രാസ് സ്റ്റേറ്റ് ടീമില്‍ അദ്ദേഹം അംഗമായിരുന്നു. റഹ്മാനും പപ്പനും ചുക്കാന്‍ പിടിച്ച മലബാര്‍ ജിംഖാനയുടെ ആക്രമണോന്മുഖ ശൈലി അക്കാലത്തെ മികച്ച ടീമുകളുടെയെല്ലാം പേടി സ്വപ്നമായിരുന്നു. 1957, 58 എന്നീ വര്‍ഷങ്ങളില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പപ്പന്‍ കേരളത്തിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ബാംഗ്‌ളൂര്‍ എല്‍ ആര്‍ ഡി ഇയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നതിനുശേഷം മൈസൂരിനു വേണ്ടിയായിരുന്നു അദ്ദേഹം നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ അങ്കം കുറിക്കാനെത്തിയിരുന്നത്. 1963 - ല്‍ മൈസൂര്‍ ടീമിന്‍റെ ക്യാപ്റ്റന്‍ പദവി അദ്ദേഹത്തിനു നിഷേധിച്ചു. മണ്ണിന്‍റെ മക്കള്‍ വാദമായിരുന്നു ഇത്തരമൊരു നീക്കത്തിനു പിന്നില്‍. ഇതില്‍ മനംനൊന്തു പപ്പന്‍ വോളിബോള്‍ കോര്‍ട്ടിനോട് വിടപറയുകയും ചെയ്തു. മികച്ച അത്‌ലറ്റും ബാസ്‌ക്കറ്റ് ബോള്‍ താരവുമായിരുന്ന അദ്ദേഹം പിന്നീട് കുറച്ചു കാലം അത്‌ലറ്റിക് ട്രാക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒട്ടേറെ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ അദ്ദേഹം 1981 ല്‍ അന്തരിച്ചു.
ആകാശത്തെ ചുംബിച്ച പാലോറ നാണുവിന്‍റെ ഹൈസ്പിന്‍ സര്‍വീസുകള്‍ മലബാര്‍ ജിംഖാനയുടെ മാസ്റ്റര്‍പീസുകളില്‍
ഒന്നായിരുന്നു. പാറേമ്മല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ വോളിബോളിനെ തന്‍റെ
ആത്മാവിന്‍റെ ഭാഗമായി കരുതിയ പാലോറ നാണു വീട്ടുകാര്‍ അറിയാതെയായിരുന്നു വൈകുന്നേരങ്ങളില്‍
കളിക്കളത്തിലെത്തിയിരുന്നത്. ഏതോ ഒരു ടൂര്‍ണമെന്‍റില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട
നാണു കയ്യിലൊരു ട്രോഫിയുമായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍തന്നെ നാണുവിലെ കളിക്കാരനെ
തിരിച്ചറിയുന്നത്. വോളിബോളിനോടുള്ള ഭ്രമം കാരണം കോസ്റ്റല്‍ പട്രോളിങ്ങിലുണ്ടായിരുന്ന
ജോലി രാജിവെച്ച പാലോറ നാണുവിന്‍റെ ജീവിതം വര്‍ഷങ്ങളോളം പിന്നീട് ചിറകു വിരിക്കുന്നത്
കളിക്കളങ്ങളിലായിരുന്നു. 1983 വരെ കോഴിക്കോട് മൂല്‍ജി രത്തന്‍ജി കമ്പനിയില്‍ മാനേജരായി
ജോലി ചെയ്ത ജിംഖാനയുടെ ഈ പഴയ പോരാളി 1997 സപ്തംബര്‍ ഒന്നിന് അന്ത്യശ്വാസം വലിച്ചു.
കടത്തനാട്ടില്‍ വോളിബോളിന് കേരളത്തില്‍ മറ്റൊരു പ്രദേശത്തുമില്ലാത്ത രീതിയില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞതില്‍ ഒട്ടേറെ അധ്യാപകരുടെ നിസ്തുലമായ പ്രവര്‍ത്തന ചരിത്രമുണ്ട്. പുറമേരി ഹൈസ്‌കൂളിലെ നാരായണന്‍ നായര്‍, ശങ്കരക്കുറുപ്പ്, വടകര ട്രെയിനിംഗ് സ്‌കൂളിലെ വീരരാഘവയ്യര്‍, മിഷന്‍ സ്‌ക്കൂളിലെ മല്ലി ഹെഡ്മാസ്റ്റര്‍ എന്നിവരില്‍ നിന്നു തുടങ്ങുന്നു പ്രസ്തുത ചരിത്രം. ഗബ്രിയേല്‍, ഫ്രെഡറിക്, മൂര്‍ക്കോത്ത് ശ്രീനിവാസന്‍, വിശ്വനാഥന്‍, പരമേശ്വരമേനോന്‍, വി.കെ. ദാമോദരന്‍ നമ്പ്യാര്‍, കെ. പി. ബാലന്‍, ഗോപാലന്‍കുട്ടി നമ്പ്യാര്‍, ഗോവിന്ദന്‍ സജ്ജീവന്‍, കുഞ്ഞപ്പ നമ്പ്യാര്‍, വട്ടോളി ചന്ദ്രന്‍, നടുവണ്ണൂര്‍ അച്ചുതന്‍ നായര്‍, എം. നാരായണന്‍ നമ്പ്യാര്‍, പി.പി. അമ്മദ്, ടി.കെ. രാജഗോപാലന്‍, കെ. രാഘവന്‍, പി.പി.രവീന്ദ്രന്‍, പി.പി. സുകുമാരന്‍............................ ഈ പട്ടിക അപൂര്‍ണമാണ്. വടകര ബി. ഇ.എം. ഹൈസ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്ന സഞ്ജീവന്‍ മാസ്റ്റര്‍ വോളിയെ തന്‍റെ ആത്മാവിന്‍റെ ഭാഗമായി കരുതിയ ഒരു മികച്ച സംഘാടകനായിരുന്നു. അമ്പതുകളില്‍ വടകര ബി. ഇ. എം. ഹൈസ്‌കൂള്‍ കേന്ദ്രമായി അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ത്യാഗോജ്ജലമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. മലബാര്‍ ജിംഖാന ക്ലബ്ബിന്‍റെ സിക്രട്ടറിയും ആദ്യമായി രൂപീകരിക്കപ്പെട്ട കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സിക്രട്ടറിയും സഞ്ജീവന്‍ മാസ്റ്ററായിരുന്നു. കളിക്കാരനെന്ന നിലയിലും കായികാദ്ധ്യാപകരെന്ന നിലയിലും വോളിയെ വളര്‍ത്തുന്നതില്‍ സ്വയം സമര്‍പ്പിച്ച ത്യാഗ സന്നദ്ധരായിരുന്നു കുഞ്ഞപ്പനമ്പ്യാര്‍,, ദാമോദരന്‍ നമ്പ്യാര്‍, വട്ടോളി ചന്ദ്രന്‍, നടുവണ്ണൂര്‍ അച്ചുതന്‍ നായര്‍ എന്നിവര്‍. വര്‍ത്തമാന കാലഘട്ടത്തില്‍ അമീറുദ്ദീന്‍, നസീര്‍, ഹരീന്ദ്രന്‍, അബ്ദുല്‍ മജീദ്, വിജയന്‍, അരൂര്‍ ഹമീദ്, സത്യന്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങുന്നതും പൂര്‍വ സൂരികളുടെ ചൈതന്യവത്തായ ഈ മഹദ് പാരമ്പര്യം തന്നെയാണ്.
ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ കിഴക്കന്‍ പ്രദേശങ്ങളിലും വോളിബോള്‍ വേരു പിടിക്കാന്‍ തുടങ്ങി. വട്ടോളി നാഷണല്‍ ഹൈസ്‌ക്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന ഈയിടെ അന്തരിച്ച മൂര്‍ക്കോത്ത് ശ്രീനിവാസനും കായികാദ്ധ്യാപകന്‍ വിശ്വനാഥനും കിഴക്കന്‍ പ്രദേശങ്ങളില്‍ ഈ കായിക കലയ്ക്ക് അടിത്തറയുണ്ടാക്കുന്നതിലുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ അക്കാലത്തെ മികച്ച ടീമുകളില്‍ ഒന്നായിരുന്നു. കേരളാ സ്റ്റേറ്റ് താരം കെ.കെ.ബാലന്‍, വട്ടോളി ചന്ദ്രന്‍, ജിംഖാനക്ക് വേണ്ടി കളിച്ച പി.പി. രാജന്‍, കെ. പി. ബാലന്‍, പി.വി. കുഞ്ഞമ്മദ് എന്നിവര്‍ വോളിബോളിന് കിഴക്കന്‍ പ്രദേശങ്ങളുടെ സംഭാവനയാണ്. ഈഗ്ള്‍സ് കുറ്റ്യാടിയും വട്ടോളിയിലെ മലബാര്‍ ഹണ്ടേര്‍സും അക്കാലത്തെ പ്രശസ്ത ടീമുകളായിരുന്നു.
1959-ല്‍ വടകര കോട്ട മൈതാനിയില്‍ നടന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവിതാംകൂര്‍ പോലീസിനോട് മലബാര്‍ ജിംഖാന അടിയറവ് പറഞ്ഞു. കടത്തനാടന്‍ വോളിയുടെ പ്രതാപത്തിന്‍റെ അന്ത്യം ഇവിടെ നിന്നാരംഭിക്കുന്നു. ജിംഖാനയിലുണ്ടായ പിളര്‍പ്പും അതിനോടനുബന്ധിച്ചുണ്ടായ കിടമത്സരങ്ങളും വടകര വോളിയെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്. അമ്പതുകളുടെ അവസാനത്തോട് കൂടി കളിക്കളത്തില്‍ ചരിത്രമെഴുതിയ മഹാരഥന്മാര്‍ പതുക്കെ വിടവാങ്ങിത്തുടങ്ങി. പ്രാക്ടീസ് മാച്ചുകള്‍ക്ക് ദൃക്‌സാക്ഷികളാകാന്‍ ആയിരങ്ങള്‍ എത്തിയിരുന്ന കോട്ടപ്പറമ്പിലെ വോളിബോള്‍ കോര്‍ട്ടുകളില്‍ മുനിസിപ്പാലിറ്റിയുടെ വ്യാപാരശാലകള്‍ ഉയര്‍ന്നു. മലബാര്‍ ജിംഖാന ചരിത്രത്തിന്‍റെ ഭാഗമായി. ജിംഖാനയുടെ സ്ഥാനത്ത് അറുപതുകളുടെ തുടക്കത്തില്‍ ഹസീന സ്‌പോര്‍ട്‌സ് ക്ലബ്ലും വടകര സ്‌പോര്‍ട്‌സ് ക്ലബ്ബും ഉയര്‍ന്നുവന്നു. ആനന്ദവില്ല ചന്ദ്രന്‍, കളത്തില്‍ മുകുന്ദന്‍, വി.കെ. വത്സരാജ് എന്നിവരായിരുന്നു വടകര സ്‌പോര്‍ട്‌സ് ക്ലബ്ബിന്‍റെ രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഹസ്സന്, എസ്. വി. അബ്ദുറഹ്മാന്‍, സ്റ്റാര്‍ അഹമ്മദ് തുടങ്ങിയവരായിരുന്നു ഹസീന ക്ലബ് രൂപീകരിച്ചത്. ഹസീന സോപ്പ് കമ്പനി നടത്തിയിരുന്ന ഹസ്സന്‍, ഹസീന സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ വോളിക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകളേറെ. ഒട്ടേറെ മാപ്പിളപ്പാട്ടുകളുടെ രചയിതാവ് കൂടിയായ ഹസ്സന് വടകരയുടെ വോളി ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. ഹസീനയിലൂടെയും സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെയും ഒട്ടേറെ കളിക്കാര്‍ അറുപതുകളില്‍ രംഗത്തു വരികയുണ്ടായി. അച്ചുതക്കുറുപ്പ്, നടുവണ്ണൂര്‍ അച്ചു, മൊയ്തു മാസ്റ്റര്‍, (എടച്ചേരി) പി.കെ. ബാലന്‍ മാസ്റ്റര്‍, വട്ടോളി ചന്ദ്രന്‍, മടപ്പള്ളി ബാലകൃഷ്ണന്‍, വെള്ളികുളങ്ങര കുമാരന്‍, സേതുമാധവക്കുറുപ്പ്, തിക്കോടി ദാമോദരന്‍, സേതുമാധവന്‍, രാമകൃഷ്ണന്‍, ഉണ്ണി തുടങ്ങിയവര്‍ രംഗത്തെത്തുന്നത് ഇക്കാലയളവിലാണ്. പക്ഷെ ഇവര്‍ക്കാര്‍ക്കും തന്നെ പഴയ പെരുമയിലേക്ക് കടത്തനാടന്‍ വോളിയെ കൈ പിടിച്ചുയര്‍ത്താനായില്ല. അറുപതുകളില്‍ പ്രശസ്തിയിലേക്കുയര്‍ന്ന പ്രമുഖ താരമായിരുന്നു അച്ചുതക്കുറുപ്പ്. സര്‍വീസസിന് വേണ്ടി ഏറെനാള്‍ പടപൊരുതിയ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പില്‍ക്കാലത്ത് ടാറ്റായില്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍, എന്‍. ഐ. എസ് അധ്യാപകന്‍, മൊറീഷ്യസ് വോളീ ടീം കോച്ച്, 1982-ലെ ദല്‍ഹി ഏഷ്യാഡില്‍ പങ്കെടുത്ത ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍, 1986-ല്‍ സോളില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ഇന്ത്യന്‍ ടീം കോച്ച് എന്നീ നിലകളില്‍ അച്ചുതക്കുറുപ്പ് പ്രശസ്തസേവനമനുഷ്ടിക്കുകയുണ്ടായി. ഇപ്പോള്‍ ബാംഗ്‌ളൂര്‍ എസ്. എ. യില്‍ ഡയറക്ടറായയി സേവനമനുഷ്ടിക്കുന്ന കുറുപ്പ് വര്‍ത്തമാന കാലഘട്ടത്തില്‍ ദേശീയ രംഗത്ത് കടത്തനാടിന്‍റെ സജീവ സാന്നിദ്ധ്യമറിയിക്കുന്നു.
അറുപതുകളുടെ തുടക്കത്തില്‍ ഹസീനക്ക് വേണ്ടി പോരാടിയ നടുവണ്ണൂര്‍ അച്ചു അക്കാലത്തെ മികച്ച
കളിക്കാരില്‍ ഒരാളായിരുന്നു. കോഴിക്കോട് ജില്ല ആദ്യത്തെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍
ജേതാക്കളാകുന്നത് അദ്ദേഹത്തിന്‍റെ നായകത്വത്തിന്‍ കീഴിലാണ്. കെ. എസ്. ആര്‍ ടി. സി.യില്‍
നിന്നും വിരമിച്ച മടപ്പള്ളി ബാലകൃഷ്ണന്‍ അറുപതുകളില്‍ വടകര വോളിയുടെ അഭിമാനമായിരുന്നു.
ബാലകൃഷ്ണന്‍റെ സ്മാഷുകള്‍ അക്കാലത്ത് വോളിബോള്‍ പ്രേമികളുടെ ഹരമായിരുന്നു.
പ്രതാപം അസ്തമിക്കാന്‍ തുടങ്ങിയ കടത്തനാടന്‍ വോളിക്ക് നവോന്മേഷം പകര്‍ന്നത് 1967 - ല്‍ ആരംഭിച്ച എ. സി. കെ. നമ്പ്യാര്‍ സ്മാരക അഖിലേന്ത്യാ ടൂര്‍ണമെന്റായിരുന്നു. ഇന്ത്യന്‍ വോളിയിലെ അതികായകന്മാരായിരുന്ന അസദുള്ള ഹൂസൈന്‍, പളനിസാമി, മുഹമ്മദ് റിയാസ്, ശ്യാം സുന്ദര്‍റാവു, നിപ്പി, ബല്ലു, ജാഗീര്‍സിങ്ങ്, രണ്‍വീര്‍ സിങ്ങ്, തിലക് ഗോപാല്‍, ഹേം സിങ്ങ്, പപ്പന്‍, രമണ റാവു, കുട്ടികൃഷ്ണന്‍, ജിമ്മി, അലക്‌സ്, സുരേഷ് മിശ്ര, അബ്ദുള്‍ബാസിത് തുടങ്ങിയവരുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ കടത്തനാട്ടുകാര്‍ക്ക് അവസരമൊരുക്കിയത് ഈ ടൂര്‍ണ്ണമെന്റാണ്. ഒളിമ്പ്യന്‍ അബ്ദുറഹ്മാന്‍ ഊര്‍ജ്ജം പകര്‍ന്ന ഈ ടൂര്‍ണ്ണമെന്‍റിന്‍റെ പ്രധാന സംഘാടകന്‍ കെ. പി. വാസു ആയിരുന്നു. റഫറി എന്ന നിലയിലും സംഘാടകരനെന്ന നിലയിലും സ്‌പോര്‍ട്‌സ് ലേഖകനെന്ന നിലയിലും പ്രൊഫ: കെ. പി വാസു വോളീബോളിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഈ ടൂര്‍ണ്ണമെന്‍റ് ഏതാനും വര്‍ഷങ്ങള്‍ വടകര മുനിസിപ്പാലിറ്റി ഏറ്റെടുത്ത് നടത്തുകയുണ്ടായി. അന്നത്തെ മാതൃഭൂമി ലേഖകനായിരുന്ന എ.ബാലകൃഷ്ണക്കുറുപ്പിന്‍റെ റിപ്പോര്‍ട്ടിങ്ങും സി. കെ. നാണുവിന്‍റെ ( ഇപ്പോഴത്തെ വടകര എം. എല്‍. എ ) ദൃക്‌സാക്ഷി വിവരണവും ഈ ടൂര്‍ണമെന്‍റിന്‍റെ എടുത്തു പറയത്തക്ക സവിശേഷതകളായിരുന്നു.
പിന്നീട് എഴുപതുകളുടെ തുടക്കത്തില്‍ ഒരു നവോദയമുണ്ടായി. മൂസ്സ, രാധാകൃഷ്ണന്‍, വട്ടോളി
പ്രദീപന്‍, ബാലന്‍ നമ്പ്യാര്‍, ഒ. കൃഷ്ണന്‍, ഭാസി, രവീന്ദ്രന്‍, പാലേരി മൊയ്തു, ഞേറലാട്ട്
രവീന്ദ്രന്‍, ഗംഗാധരന്‍ തുടങ്ങിയവരുടെ അരങ്ങേറ്റമായിരുന്നു.
1968 മുതല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീം അംഗമായിരുന്ന മൂസ്സ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിക്കുവേണ്ടിയും
കളിച്ചിട്ടുണ്ട്. രണ്ട് തവണ കേരള സംസ്ഥാനത്തിന്‍റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം 1974-ല്‍
ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജിമ്മി, ജോസ്, ഗോപിനാഥ് എന്നിവരോടൊപ്പം
കേരളാ പോലീസിന്‍റെ വസന്തകാലത്ത് തിളങ്ങിയ, ഒളിമ്പ്യന്‍ അബ്ദുറഹ്മാന്‍റെ മരുമകന്‍ കൂടിയായ
മൂസ്സ കണ്ണൂരില്‍ ഡെപ്യൂട്ടി കമാണ്ടന്റായി സേവനമനുഷ്ടിച്ചിരുന്നു. പത്താം തരം വിദ്യാര്‍ഥിയായിരിക്കുമ്പോള്‍
സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച ടി.പി. രാധാകൃഷ്ണന്‍ നാലു തവണ കേരളത്തിന്‍റെ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്,
സതേണ്‍ റെയില്‍വേയുടെ സ്ഥിരം അഥിതി താരമായിരുന്ന അദ്ദേഹം കോഴിക്കോട് കെ. ടി.സിയെ ഇന്ത്യയിലെ
മികച്ച ടീമുകളിലൊന്നായി മാറ്റുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. വടകര സ്‌പോര്‍ട്‌സ്
ക്ലബ്ബിനു വേണ്ടിയും കെ.ടി.സി ക്കു വേണ്ടിയും സതേണ്‍ റെയില്‍വേക്ക് വേണ്ടിയും രാധാകൃഷ്ണന്‍
കാഴ്ച വെച്ച അത്യുജ്ജല പോരാട്ടങ്ങളേറെ. സിറില്‍, ഉദയകുമാര്‍, റസാക്ക് എന്നിവരോടൊപ്പം
ഇന്ത്യന്‍ റയില്‍വെയ്‌സ് കുപ്പായമണിഞ്ഞ വട്ടോളി പ്രദീപന്‍ ഇന്ത്യന്‍ വനിതാ ടീം കോച്ചായും
സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം വെസ്റ്റേണ്‍ റെയില്‍വേയില്‍ ( മുംബൈ ) ഉദ്യോഗസ്ഥനായിരുന്നു.
കെ.എസ്.ആര്‍.ടി.സി.യില്‍ ജോലിയായിരുന്ന ഭാസി എഴുപതുകളില്‍ കേരളം കണ്ട മികച്ച ഡിഫന്റര്‍മാരിലൊരാളായിരുന്നു. നിരവധി തവണ അദ്ദേഹം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ യൂണിവേഴ്സ്റ്റി വോളി ബോള്‍ ടീമില്‍ ഭാസി കളിച്ചിട്ടുണ്ട്. കെ.ടി.സി.ക്കു വേണ്ടിയും സതേണ്‍ റെയില്‍വേയ്ക്കു വേണ്ടിയും നിരവധി അഖിലേന്ത്യാ ടൂര്‍ണ്ണമെന്‍രികളില്‍ തിളങ്ങിയ സംസ്ഥാന താരം കൂടിയായിരുന്ന പാലേരി മൊയ്തുവിന്‍റെ ഗെയിം സ്റ്റൈലിനെക്കുറിച്ച് ഇപ്പോഴും വോളി പ്രേമികള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ കളിക്കാരനായിരുന്ന സേതുമാധവന്‍ സോള്‍ ഏഷ്യാഡില്‍ (1986) ബ്രോണ്‍സ് മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്‍റെ ഉപപരിശീലകനായിരുന്നു. വടകര സ്‌പോര്‍ട്‌സ് ക്ലബ്ബിലും ഹസീന സ്‌പോര്‍ട്‌സ് ക്ലബ്ബിലും പുറമെ കടത്തനാടന്‍ മണ്ണില്‍ വോളിയുടെ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ യത്‌നിച്ച ഒട്ടേറെ ക്ലബ്ബുകള്‍ വേറെയും ഉണ്ടായിരുന്നു. നടുവണ്ണൂര്‍ അച്ചു നേതൃത്വം നല്‍കിയ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്, ജോളി അത്തോളി, ബാലുശ്ശേരി സ്പാര്‍ട്ടക്‌സ്, ബാലുശ്ശേരി മിറാഷ്, ഇരിങ്ങല്‍ ജവഹര്‍, വടകര സി. ഐ.എഫ്. മണിയൂര്‍ ജൂപിററര്‍, വില്യാപ്പള്ളി ബ്രദേഴ്‌സ്, വടകര പാരഡൈസ്, ജൂബിലി സ്പാര്‍ട്ടക്‌സ്, ഐക്യകേരള മുടപ്പിലാവില്‍, യംഗ് ഫൈറ്റേഴ്‌സ് തൊട്ടില്‍പ്പാലം................................ ഈ നിര വളരെ നീണ്ടതാണ്. എഴുപതുകളില്‍ മലബാറിന്‍ വോളിബോള്‍ വളര്‍ത്തുന്നതില്‍ കോഴിക്കോട് കെ.ടി.സി. ചരിത്രപരമായ പങ്കു വഹിക്കുകയുണ്ടായി. ജിമ്മി, ജോണ്‍സണ്‍, ബ്ലസന്‍ ജോര്‍ജ് തുടങ്ങിയ പ്രഗത്ഭരെ അതിഥിതാരങ്ങളായി രംഗത്തിറക്കാറുണ്ടായിരുന്ന കെ.ടി.സിയിലൂടെയാണ് ഒട്ടേറെ കളിക്കാര്‍ ഉയരങ്ങളിലേക്കുള്ള പടവുകള്‍ കയറിയത്.
വടകര കുലച്ചന്തയിലെ കച്ചവടക്കാരനായ പി.ടി. രാജനും പി.ഡബ്യു.ഡി. എഞ്ചിനീയര്‍ വത്സനും
രൂപം കൊടുത്ത ജൂബിലി സ്പാര്‍ട്ടക്‌സ് എഴുപതുകളില്‍ ജന്മം കൊണ്ട ഗ്ലാമര്‍ ടീമുകളില്‍
ഒന്നായിരുന്നു. മുസ്തഫ, ഇബ്രാഹിം, രാമനാരായണമന്‍, കുഞ്ഞാലിക്കുട്ടി, വെള്ളികുളങ്ങര
ശ്രീധരന്‍, സദാനന്ദന്‍, വെള്ളിക്കുളങ്ങര രാജന്‍, അരൂര്‍ പപ്പന്‍, ബി. ശ്രീനിവാസ്, രാജീവന്‍
തുടങ്ങിയവര്‍ അണിനിരന്നിരുന്ന ജൂബിലി സ്പാര്‍ട്ടക്‌സിനുവേണ്ടി സിറിള്‍ സി. വെള്ളൂര്‍
അടക്കമുള്ള കേരളത്തിലെ പ്രമുഖ താരങ്ങള്‍ കളിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി ചൂര്‍ണമെന്റുകളില്‍
ജേതാക്കളായിട്ടുള്ള ഈ ടീം എണ്‍പതുകളില്‍ കഥാവശേഷമായി.
ചന്ദ്രന്‍, ലക്ഷ്മണന്‍, രവി, ബാലകൃഷ്ണന്‍, ഭാസ്‌കരന്‍, മഠത്തില്‍ രവി,, പ്രേമാനന്ദന്‍, സത്യന്‍ തുടങ്ങിയവര്‍ കളിച്ചിരുന്ന വടകര സി. ഐ. എഫ് പ്രതിരോധത്തിലൂന്നിയ കേളീശൈലിയിലൂടെ വോളി പ്രേമികളുടെ മനം കവരുകയുണ്ടായി. പൂനത്തില്‍ നാണു, പുനത്തില്‍ ഉസ്മാന്‍, പറമ്പത്ത് മുഹമ്മദ് എന്നിവരായിരുന്നു സി. ഐ. എഫിന്‍റെ മുഖ്യ സംഘാടകര്‍. ആശാരിക്കുനി മുകുന്ദന്‍, മൊയച്ചേരി രാഘവന്‍, കോട്ടത്താഴ രാഘവന്‍, കൂടത്താഴ കുഞ്ഞിക്കണ്ണന്‍ ചെറിയാവി കണാരന്‍, പൂഴിയില്‍ കണാരന്‍, അറുവയില്‍ കണ്ണന്‍ തുടങ്ങിയ പ്രഗത്ഭ കളിക്കാര്‍ക്ക് ജന്മമേകിയ ഇരിങ്ങലില്‍ 1970- ല്‍ രൂപീകരിക്കപ്പെട്ട ജവഹര്‍ സ്‌പോര്‍ട്ട്‌സ് ക്ലബ് എ.കെ. ചന്ദ്രന്‍, കെ. സുര്‍ജിത്, കെ.കെ. ശിവദാസന്‍, മായന്‍ കുട്ടി, പ്രേംജിത്ത് തുടങ്ങി ഒട്ടേറെ കളിക്കാരെ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എം.കെ. രാജേന്ദ്രനും എ. കണാരനും ഈ ക്ലബിന് നേതൃത്വം നല്‍കിയിരുന്നു. പ്രകാശന്‍, രാജീവന്‍, രാജന്‍, നൗഷാദ് എന്നിവര്‍ അണിനിരന്നിരുന്ന വടകര പാരഡൈസ് സ്‌പോര്‍ട്‌സ് ക്ലബ് എണ്‍പതുകളില്‍ മികച്ച പ്രകടനത്തിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. വിജയന്‍, പവിത്രന്‍, ലത്തീഫ് തുടങ്ങിയ വോളി പ്രേമികള്‍ നേതൃത്വം നല്‍കുന്ന പാരഡൈസ് എഴുപതുകളിലും എണ്‍പതുകളിലും വടകരയില്‍ ഒട്ടേറെ ടൂര്‍ണമെന്റുകളും സംഘടിപ്പിക്കുകയുണ്ടായി.
വടകരക്കാര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന കോഴിക്കോട് കെ.ടി.സി. ടീമുമായി ബന്ധപ്പെട്ട് അത്തോളിക്കാരനായ കാദറുടെ സേവനം സ്മരണീയമാണ്. വടകരക്കാര്‍ കുഞ്ചു എന്ന് വിളിച്ചിരുന്ന കുഞ്ഞിരാമന്‍ എഴുപതുകളില്‍ വടകരയില്‍ വോളിബോള്‍ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വടകര കുലച്ചന്തയില്‍ പതിവായി നടക്കാറുണ്ടായിരുന്ന പ്രാക്ടീസ് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്ന രാധാകൃഷ്ണന്റേയും വടകരയിലും പരിസര പ്രദേശങ്ങളിലും ഒട്ടേറെ ക്യാമ്പുകള്‍ നടത്തിയ മുന്‍ ഇ.എം.ഇ താരം രവീന്ദ്രന്‍റെയും സേവനങ്ങളും വിസ്മരിക്കാന്‍ കഴിയാത്തതാണ്. കടത്തനാട്ടില്‍ വനിതാ വോളിബോളിന് വേരോട്ടമുണ്ടാക്കുന്നതില്‍ നടന്ന ധീരമായ ശ്രമങ്ങളുടെ മുഴുവന്‍ ക്രഡിറ്റും നടുവണ്ണൂര്‍ അച്ചുവിനും മാണിക്കോത്ത് രാഘവനുമാണ്. വടകരയില്‍ വനിതാ വോളി വളര്‍ത്തിയെടുക്കാന്‍ രാഘവന്‍റെ നേതൃത്വത്തിലൂള്ള മൂണ്‍ലൈററ് റിക്രിയേഷന് ക്ലബ്ബിന്‍റെ സംഭാവന വലുതാണ്. സംസ്ഥാന താരമായി തിളങ്ങിയ കെ.എസ്. ഇ.ബിയില്‍ ഉദ്യോഗസ്ഥയായ ശ്യാമള, ഒ.കെ. ശ്രീജ, ചിന്നമ്മ, പ്രജിഷ, ജിഷ എന്നിവര്‍ മൂണ്‍ലൈറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ സംഭാവനകളാണ്. ഗീത വളപ്പില്‍, ശോഭ, സുജാത, രജനി, ഉഷ, അനിതാ രത്‌നം, മഞ്ജുള, ബീനാല്‍ തുടങ്ങിയ പ്രശസ്ത കളിക്കാരികളെ വളര്‍ത്തിയെടുത്തത് നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബാണ്. ഇന്ന് വനിതാ വോളിയില്‍ കടത്തനാടിന്‍റെ സജീവ സാന്നിദ്ധ്യമറിയിക്കുന്നത് പാലേരി സ്വദേശിനിയായ സുജാതയാണ്. നിരവധി തവണ കേരള സംസ്ഥാനത്തിന്‍റെ കളറണിഞ്ഞ സുജാത രണ്ട് തവണ ഇന്ത്യന്‍ ക്യാമ്പിലെത്തുകയും ചെയ്തിട്ടുണ്ട്.
1973-74 ല്‍ ദേശീയ, ചാമ്പ്യന്മാരായ കേരള സ്‌കൂള്‍സ് ടീമിന്‍റെ ക്യാപ്‌ററന്‍, മൂസ്സയുടെ സഹോദരനായ കല്ലുള്ളതില്‍ ഇബ്രാഹിം ആയിരുന്നു. 1975-76 ല്‍ കടത്തനാട്ടിലെ ഏക കലാലയമായ മടപ്പള്ളി ഗവ: കോളേജിനെ യൂണിവേഴ്‌സിറ്റി ജേതാക്കളാക്കിയത് മുസ്തഫാ, കുഞ്ഞാലിക്കുട്ടി, വിജയന്‍, സദാനന്ദന്‍ തുടങ്ങിയവരുടെ മികച്ച ഫോം ആണ്. കേരളാ സ്റ്റേററ് ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള ടി.പി. മുസ്തഫ ഈ കാലഘട്ടത്തിലെ മികച്ച ഒരു അറ്റാക്കറായിരുന്നു.
കേരളാ സ്റ്റേറ്റ് സ്‌കൂള്‍സ് ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച പി. കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തിനുവേണ്ടിയും ഇന്ത്യന്‍ പി. ആന്‍റ്. ടി യ്ക്ക് വേണ്ടിയും തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വെള്ളികുളങ്ങര ശ്രീധരന്‍ (മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്), വിജയന്‍ (ഷിപ്പ് യാര്‍ഡ്), ബി. ശ്രീനിവാസ്, ഹമീദ്, (കെ.എസ്.ഇ.ബി), അരൂര്‍ പപ്പന്‍ (ബാംഗ്ലൂര്‍ ഇന്‍കം ടാക്‌സ്), രാമനാരായണന്‍, സദാനന്ദന്‍ (കെ.ടി.സി.), രാജീവന്‍ (ഇന്‍കം ടാക്‌സ്), ദാമോദരന്‍ ( വേസ്റ്റേണ്‍ റയില്‍വേ), പി.എ. തോമസ് (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച്), ജയചന്ദ്രന്‍ (സതേണ്‍ റെയില്‍വേ), അബ്ബാസ് (ടൈററാനിയം), ജയപാലന്‍ (രാഷ്ട്രീയ കെനിക്കല്‍സ്), പ്രകാശന്‍ (മുംബൈ ഇന്‍കംടാക്‌സ്), അബ്ബാസ് (വെസ്റ്റേണ്‍ റെയില്‍വേ), മുരളീധരന്‍ (ഏജീസ് ഒഫീസ്), അബ്ദുല്‍ നാസര്‍ (പോര്‍ട്ട് ട്രസ്റ്റ് ), യാസര്‍ അറഫാത്ത് (കേരളാ പോലീസ്), മുഹമ്മദ് ( കല്‍ക്കത്താപോര്‍ട്ട് ട്രസ്റ്റ്), ജോജോ ( കെ.എസ്. ആര്‍. ടി. സി ) തുടങ്ങിയവരില്‍ പലരും ഇന്ന് വോളീബോളില്‍ കടത്തനാടിന്‍റെ സജീവസാന്നിദ്ധ്യമറിയിക്കുന്നു. 1986-87, 1987-88 വര്‍ഷങ്ങളില്‍ മൊകേരി ഗവ: കോളേജ് പ്രൊഫ. എന്‍. വി. അശോകന്‍റെ ശിക്ഷണത്തില്‍ ഇന്റര്‍ കോളേജിയററ് ചാമ്പ്യന്മാരാകുകയുണ്ടായി. പ്രകാശന്‍, ജയചന്ദ്രന്‍, മൊയ്തു, ഹമീദ് തുടങ്ങിയവര്‍ നിരവധി ആള്‍ കേരളാ ടൂര്‍ണമെന്റുകളിലും മൊകേരി കോളേജിനെ ജേതാക്കളാക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍സ് വോളിയിലും അധ്യാപക വോളിയിലും വടകര വിദ്യാഭ്യാസ ജില്ല സ്ഥിരം ജേതാക്കളാണ്.
ഇരിങ്ങല്‍ സ്വദേശിയായ പ്രേംജിത്തും തൊട്ടില്‍പ്പാലത്തിനടുത്ത പൂതംപാറ സ്വദേശികളും സഹോദരന്മാരുമായ റോയി ജോസഫും ടോം ജോസഫും ഇന്ത്യന്‍ വോളിയില്‍ കടത്തനാടിന്‍റെ സജീവ സാന്നിദ്ധ്യമറിയിക്കുന്നു.
1984-ല്‍ കളി തുടങ്ങിയ പ്രേംജിത്ത് 1991-ല്‍ ബാംഗ്ലൂര്‍ എം. ഇ.ജിയില്‍ ചേര്‍ന്നു. വോളിബോള്‍
കോര്‍ട്ടുകളില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച പ്രേംജിത്ത് 1996 ല്‍ സര്‍വീസസ് ക്യാപ്‌ററനായി
അവരോധിക്കപ്പെട്ടു. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹൈസ്‌ക്കൂളില്‍ നിന്നും വോളിയുടെ
ബാലപാഠങ്ങള്‍ അഭ്യസിച്ച അദ്ദേഹം ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായിരുന്നു. ഖത്തര്‍, ചെക്കോസ്ലോവാക്യ,
ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച
പ്രകടനം പ്രേംജിത്ത് കാഴ്ചവെച്ചിട്ടുണ്ട് . ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന
ഇന്ത്യന്‍ ടീമംഗമായ അദ്ദേഹം ഇന്ത്യയിലെ മികച്ച ബാക്ക്‌ലൈന്‍ അറ്റാക്കര്‍മാരിലൊരാളാണ്.
തീപാറുന്ന പോരാട്ടങ്ങളിലൂടെ ദേശീയ തലത്തിലേക്കുയര്‍ന്ന പ്രതിഭാശാലികളായ സഹോദരന്മാരാണ് റോയ് ജോസഫും ടോം ജോസഫും. ഇവരുടെ വിജയ ചരിത്രം തികഞ്ഞ അര്‍പ്പണ ബോധത്തിന്‍റെ കൂടി ചരിത്രമാകുന്നു. ഗുരുസ്ഥാനീയനായ പി. എ. തോമസിന്‍റെ ശിക്ഷണത്തില്‍ തൊട്ടില്‍പ്പാലം വോളി അക്കാദമിയിലൂടെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങള്‍ പിന്നിട്ട ഈ സഹോദരന്മാര്‍ കടത്തനാടന്‍ വോളിയുടെ ആദ്യകാല പാരമ്പര്യങ്ങളുടെ മികച്ച മാതൃകകളായി തിളങ്ങി നില്‍ക്കുന്നു. 1993- ല്‍ ബി. എസ്. എഫില്‍ ചേര്‍ന്ന റോയി ജോസഫ് സെന്റര്‍ ബ്ലോക്കര്‍ എന്ന നിലയില്‍ പ്രാവീണ്യം തെളിയിച്ച് 1996-ല്‍ ഇന്ത്യന്‍ ടീമിലിടം കണ്ടെത്തി, ഇറാനില്‍ നടന്ന ഫസര്‍ ഇന്റര്‍ നാഷണല്‍ ടൂര്‍ണമെന്‍റിലും വിയറ്റ് നാമില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ റോയ് ജോസഫ് ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും രാജ്യത്തെ പ്രതിനിധീകരിക്കുന്നു.
1980 - ല്‍ ജനിച്ച ടോം ജോസഫാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും റീച്ചുള്ള കളിക്കാരന്‍. 1995-ല്‍
സായിസെന്ററില്‍ ചേര്‍ന്ന ടോം 1998-ല്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ജൂനിയര്‍
ടീമംഗമായി. 1.98 മീറ്റര്‍ ഉയരമുള്ള ടോം ജോസഫില്‍ ഇന്ത്യന്‍ വോളി ഏറെ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നു.
കടത്തനാടിന്‍റെ വോളിബോള്‍ ചരിത്രം ഇവിടെ തീരുന്നില്ല. തലമുറകളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അറിവ് ഇതില്‍ പൂര്‍ണ്ണവുമല്ല. വിട്ടുപോയ കണ്ണികള്‍ അനവധിയുണ്ടാകും. കടത്തനാടിന്‍റെ വോളിബോള്‍ ചരിത്രത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു.